കുമ്പസാരരഹസ്യം ബ്ലാക്‌മെയ്‌ലിങിനും ലൈംഗിക പീഡനങ്ങള്‍ക്കും ഉപയോഗിക്കുന്നു.കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി വനിതകള്‍

ന്യുഡൽഹി : ക്രിസ്ത്യൻ പളളികളിലെ നിർബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി.കുമ്പസാരത്തിനു വൈദികനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടു യാക്കോബായ സ്‌ത്രീകള്‍ സുപ്രീം കോടതിയില്‍. വിശ്വാസിയുടെ ആചാരങ്ങൾ അടിച്ചേൽപ്പിക്കാൻ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ മൗലികാവകാശത്തിനു എതിരാണെന്ന് വാദിച്ചു കൊണ്ട് അഞ്ചു സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്ര-കേരള സർക്കാരുകളെ കേസിൽ കക്ഷി ചേർക്കും. കേസ് കോടതി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കും. പ്രതികരിക്കാൻ മുതിർന്ന അഭിഭാഷകനായ മുകുൾ റോഹാത്ഗി കൂടുതൽ സമയം ചോദിച്ചതോടെയാണ് ഇത്. കേസിൽ പ്രധാനപ്പെട്ട ഭരണഘടനാ പ്രശനങ്ങൾ ഉണ്ടെന്നും കുമ്പസാരം നിർബന്ധിത മത ആചാരമാണോ എന്ന കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടെന്നും മുകുൾ റോഹാത്ഗി പറഞ്ഞു.


“വിശ്വാസിയുടെ മേൽ കുമ്പസാരം അടിച്ചേൽപ്പിക്കാൻ ഒരു നിയമവുമില്ല. സ്ത്രീകൾ പുരോഹിതനു മുൻപാകെ കുമ്പസാരിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. കുമ്പസാരം വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോയെന്നു കോടതി പരിശോധിക്കേണ്ടതുണ്ട്.” – അദ്ദേഹം പറഞ്ഞു.മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലെ നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ടു മറ്റൊരു കേസിൽ ഡിസംബറിൽ സുപ്രീം കോടതി കേന്ദ്ര – കേരള സർക്കാരുകളുടെ പ്രതികരണം ആരാഞ്ഞിരുന്നു.

കുമ്പസാരരഹസ്യം ബ്ലാക്‌മെയ്‌ലിങിനും ലൈംഗിക പീഡനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ കുമ്പസരിക്കേണ്ട സാഹചര്യമാണിപ്പോഴെന്നും ഹര്‍ജിയില്‍ അവര്‍.എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്‌, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണു നിര്‍ബന്ധിത കുമ്പസാരത്തിനെതിരേ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌.

മലങ്കരസഭാ ഭരണഘടനയുമായി ബന്ധപ്പെട്ടു ജസ്‌റ്റിസ്‌ ബി.പി. ജീവന്‍ റെഡ്‌ഡി ഉള്‍പ്പെട്ട ബെഞ്ച്‌ 1995-ല്‍ പുറപ്പടിവിച്ച വിധിയിലും 2017-ല്‍ ജസ്‌റ്റിസ്‌ അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ പുറെപ്പടുവിച്ച വിധിയിലും വൈരുധ്യങ്ങളുണ്ടെന്നും അതിനാല്‍ കുമ്പസാരവിഷയം സുപ്രീം കോടതി വിശദമായി കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു.

എന്നാല്‍, യാക്കോബായ- ഓര്‍ത്തോഡോക്‌സ്‌ തര്‍ക്കമാണു ഹര്‍ജിക്കു പിന്നിലെന്ന്‌ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. മലങ്കര സഭാ തര്‍ക്കത്തെക്കുറിച്ച്‌ എല്ലാമറിയുന്ന കേരള ഹൈക്കോടതിയാണ്‌ ഹര്‍ജി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട്‌ ഉന്നയിക്കുന്ന വിഷയങ്ങള്‍ വ്യക്‌തിപരവും ഒറ്റപ്പെട്ടതും ആകാമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ നിരീക്ഷിച്ചു. തുടര്‍ന്ന്‌ ഹര്‍ജി ഭേദഗതിചെയ്‌തു നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്‌, എട്ട്‌ വകുപ്പുകള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓര്‍ത്തോഡോക്‌സ്‌ സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ്‌ എന്നിവര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം നോട്ടീസ്‌ അയച്ചിരുന്നു.

Top