ബാംഗ്ലൂർ :ബി.എസ്.യെദിയൂരപ്പക്ക് ഉറക്കമില്ലാത്ത രാത്രി. കർണാടകയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രധാന സുപ്രീംകോടതി ഉത്തരവ് കർണാടകക്കും യെദിയൂരപ്പാക്കും ബിജെപിക്കും സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത ഒരു രാത്രിയാണ് . 117 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും 104 അംഗങ്ങൾ മാത്രമുള്ള ബിജെപിയും ഇന്ന് പകലും രാത്രിയും എന്തൊക്കെ കരുനീക്കങ്ങൾ നടത്തുമെന്നാണ് രാജ്യം ഉറ്റനോക്കുന്നത്. 104 എംഎൽഎമാരുള്ള ബിജെപിക്ക് 112 എന്ന മാജിക് നന്പറിൽ എത്താൻ കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
റാഞ്ചൽ ഭീതി ഭയന്ന് ജെഡിഎസും കോണ്‍ഗ്രസും തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നത്തെ പകലും രാത്രിയും എംഎൽഎമാരെ ഹൈദരാബാദിൽ നിർത്തിയ ശേഷം ശനിയാഴ്ച പുലർച്ചെയോടെ ഇവരെ ബംഗളൂരുവിൽ എത്തിക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. ശനിയാഴ്ച രാവിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാവും വൈകിട്ട് വിശ്വാസ വോട്ടെടുപ്പ്.
120 എംഎൽഎമാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് സുപ്രീംകോടതി വിധിക്ക് ശേഷവും ബിജെപി എംപി ശോഭ കരന്തലജെ ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. ആരെയും തങ്ങളുടെ പക്ഷത്തു നിന്നും അടർത്താൻ കഴിയില്ലെന്ന് കോണ്‍ഗ്രസും ജെഡിഎസും അവകാശപ്പെടുന്നു. ഇത്തരത്തിൽ വാദങ്ങളും പ്രതിവാദങ്ങളും ഉയരുന്പോൾ കാര്യങ്ങളുടെ വ്യക്തതയ്ക്ക് ശനിയാഴ്ച വൈകിട്ട് നാല് വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിന്‍റെ സമയം പരമാവധി നീട്ടിയെടുക്കാൻ സുപ്രീംകോടതിയിൽ നടന്ന ശ്രമം തന്നെ ബിജെപി ക്യാന്പിലെ ആശങ്കയുടെ തെളിവാണ്. തിങ്കളാഴ്ച വരെയെങ്കിലും സമയം വേണമെന്ന് യെദിയൂരപ്പയുടെ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാർ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർക്ക് പോലും ഉറപ്പില്ലെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു.
മറുവശത്ത് എങ്ങനെയും തങ്ങളുടെ എംഎൽഎമാരെ റാഞ്ചലിൽ നിന്ന് സംരക്ഷിച്ച് ഒപ്പം നിർത്താനാണ് കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞ് ശ്രമിക്കുന്നത്. വാഗ്ദാനങ്ങളും ഭീഷണികളും ഒഴിവാക്കാനാണ് എംഎൽഎമാരെ ബംഗളൂരുവിൽ നിന്ന് മാറ്റിയതെന്നും ഇരു കക്ഷികളും അവകാശപ്പെടുന്നു.
എന്തായാലും ഉദ്യാനനഗരിയിൽ ഇന്ന് സൂര്യൻ അസ്തമിച്ചാലും ആരും ഉറങ്ങാൻ സാധ്യതയില്ല. കരുനീക്കങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ കാതും കണ്ണും എല്ലാവരും കൂർപ്പിച്ചിരിക്കും. ഒപ്പമുള്ള 117-ൽ കുറവുണ്ടാകുമോ എന്ന് ജെഡിഎസും കോൺഗ്രസും ഭയപ്പെടുന്പോഴും 104 എംഎൽഎമാരെ വച്ച് എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി തലപുകയ്ക്കുന്നു