
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നവര്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിയണമെന്ന് മാര്‍ഗനിര്‍ദേശം.അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം. ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം.
പി സി സി അധ്യക്ഷൻമാർ യോഗം വിളിക്കരുത്. ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികൾ സ്വീകരിക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. തുടങ്ങിയ കാര്യങ്ങള്‍ ഉൾപ്പെടുത്തിയ മാർഗനിർദ്ദേശങ്ങളാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയത്. ഏഴ് നിര്‍ദേശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍ ചുമതലയുള്ള മറ്റ് നേതാക്കള്‍, നിയമസഭാകക്ഷി നേതാക്കള്‍, വക്താക്കള്‍ എന്നിവര്‍ക്ക് മാര്‍ഗരേഖ ബാധമാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേയും ശശി തരൂരും പ്രചാരണം ആരംഭിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിശ്രി മാര്‍ഗരേഖ പുറത്തിറക്കിയത്. ഇത് പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചോ എതിര്‍ത്തോ പ്രചാരണം നടത്താന്‍ പാടില്ല. ആരെങ്കിലും സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പദവിയില്‍ നിന്നും രാജിവെച്ച് പ്രചാരണത്തിനിറങ്ങാമെന്നും മിശ്രി അറിയിച്ചു.
അതേസമയം സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അവിടുത്തെ കോണ്‍ഗ്രസ് അധ്യക്ഷന് ചെയ്തു നല്‍കാം. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പിസിസി അധ്യക്ഷന്‍ സ്വന്തം നിലയ്ക്ക് യോഗം വിളിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചവരും പിന്തുണച്ചവരുമാണ് അത് ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ഗാര്‍ഖേയും തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ദീപേന്ദര്‍ ഹൂഡ, സയ്യീദ് നാസിര്‍ ഹുസൈന്‍, ഗൗരവ് വല്ലഭ് എന്നിവര്‍ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചിരുന്നു.