കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നീക്കം. ഔദ്യോഗിക പക്ഷം വിജയം ഉറപ്പിക്കാൻ 3000 വോട്ടർമാരുടെ പട്ടിക വ്യാജമാക്കി വെച്ചിരിക്കുന്നു എന്നാണു ആരോപണം . തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി.
9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂർ ക്യാമ്പ് ആരോപിക്കുന്നത്.അതേസമയം താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർ ശശി തരൂർ അധ്യക്ഷനാകണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.
തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴേത്തട്ടിൽ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന് ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.