പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ല!ഒറ്റ മനസ്സോടെ മരണത്തെ തോൽപ്പിക്കുന്ന മലയാളത്തം.ലോകമലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂരിന്റെ കേരള മോഡൽ ലേഖനത്തെക്കുറിച്ച് പ്രേം കുമാർ എഴുതുന്നു.

പ്രേം കുമാർ

പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ലെന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്ന, അവിശ്വസനീയമായ സാധ്യമാക്കലുകൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂർ എഴുതുന്നു. ഒറ്റ മനസ്സോടെ മരണത്തെ തോൽപ്പിക്കുന്ന മലയാളത്തെപ്പറ്റി.(തിരുവനന്തപുരം എം പി ശശി തരൂർ പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഇംഗ്ളീഷ് പേജിൽ എഴുതിയ കേരളം മോഡൽ എന്ന ലേഖനത്തിന്റെ മലയാള പരിപാഷ പ്രേം കുമാർ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

THE KERALA MODEL..

ഇന്ത്യയിലെ 130 കോടി ജനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽപ്പെട്ടുഴലവേ ഇങ്ങ് തെക്ക് പടിഞ്ഞാറുള്ള കേരളമെന്നൊരു നാട്, കോവിഡ് കർവ് ഫ്ലാറ്റെൻ ചെയ്യുന്നതിൽ ആദരവർഹിക്കുന്ന വിജയഗാഥയുമായ് 28 സംസ്ഥാനങ്ങളുടെയിടയിൽ തലയുയർത്തി നിൽക്കുന്നു. പൊതുജനാരോഗ്യ രംഗത്തുണ്ടാവുന്ന അത്യാഹിതത്തെ നേരിട്ട ഈ മാതൃകകയ്ക്കിന്ന് ‘കേരളാ മോഡലെന്നാണ് വിളിപ്പേര്.

വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിയിലൂടെ, ജനുവരിയിൽ രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. മാർച്ച് 24 ന് പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഒന്നാമതായിരുന്നു കേരളം. പക്ഷെ ഇന്ന് രാജ്യത്ത് പോസിറ്റീവ് കേസുകളിൽ ഏറെ താഴെയാണ്, റിക്കവറി നിരക്കിൽ ഏറെ മുകളിലാണ് കേരളം. മരണ നിരക്ക് രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതിലും പ്രധാനമാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായതുപോലെ ആളുകൾക്ക് ദുരിതങ്ങളുണ്ടാവാത്ത രീതിയിലാണ് ഇവിടെ രോഗ വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ നടന്നത്.

കേരളത്തിന്റെ വിജയ രഹസ്യം അതിലളിതമാണ്. വ്യാപകമായ ടെസ്റ്റിംഗിലൂടെ വളരെ നേരത്തെയുള്ള രോഗ നിർണയം, വിശാലമായ സമ്പർക്കപ്പട്ടിക നിർണയം, രോഗബാധിതരായ മുഴുവനാളുകൾക്കുമുള്ള 28 ദിവസത്തെ ക്വാറന്റീൻ. (WHO നിർദേശമനുസരിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് 14 ദിവസമാണ്)

ജനുവരി 18 ന് ആദ്യ കോവിഡ് അലേർട്ട് പുറപ്പെടുവിച്ച ശേഷം നാല് വിമാനത്താവളങ്ങളിലും എല്ലാ യാത്രക്കാരെയും സ്‌ക്രീൻ ചെയ്യുകയും സംശയമുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലാക്കുകയും ചെയ്തു. ഫെബ്രുവരി നാലിന് കോവിഡ് സംസ്ഥാന ദുരന്തമായ് പ്രഖ്യാപിച്ചു…സ്‌കൂളുകൾ അടച്ചു, പൊതുപരിപാടികൾ നിരോധിച്ചു, മാർച്ചിൽ നേരത്തേ തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചു. 30000 ആരോഗ്യ പ്രവർത്തകരെ കർമ്മ നിരതരാക്കി പതിനായിരങ്ങളെ ക്വാറന്റീനിൽ ആക്കിയിരുന്നു കേരളം നേരത്തെ തന്നെ. രാജ്യം, പിന്നീട് കേരളാമോഡൽ പിൻതുടർന്നു.

കാലാകാലമായ് ഇവിടെയുള്ള ഒരു മാതൃകയാണ് ഇങ്ങനെയൊരു ഇടപെടൽ സുസാധ്യമാക്കിയത്. പൊതുജനാരോഗ്യ മേഖലയ്ക്കുള്ള ഊന്നൽ, ഫലപ്രദമായ ത്രിതല പഞ്ചായത്ത് സംവിധാനം, പങ്കാളിത്തത്തിലും സഹകരണത്തിലുമധിഷ്ഠിതമായ സാമൂഹ്യബോധം എന്നിങ്ങനെ പല കാര്യങ്ങളിലും അനന്യമാണ് കേരളം.

ഉയർന്ന സാക്ഷരത, കുറഞ്ഞു വരുന്ന ജനന നിരക്ക്, ഉയർന്ന ശരാശരി ആയുസ്സ്, സ്ത്രീ ശാക്തീകരണം, പാവപ്പെട്ടവർക്കും അശരണർക്കുമുള്ള സമഗ്രക്ഷേമപദ്ധതികൾ…അഭിമാനകരമാണ് കേരളത്തിന്റെ നേട്ടങ്ങൾ. ഇവിടെയാരും ഭിക്ഷ യാചിക്കുന്നില്ല, പട്ടിണി കിടക്കുന്നില്ല. ആരോഗ്യ പരിപാലനത്തിൽ ഇവിടെ ജീവിക്കുന്ന സകല മനുഷ്യർക്കും തുല്യാവകാശങ്ങൾ നൽകുന്നു കേരളം. മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ഇവിടെ ആരെയും പ്രജയായ് കാണുന്നില്ല. കഠിനകാലത്തിലുടനീളം, അധികാരികളുമായ് സഹകരിച്ച്, കൃത്യമായ ചികിത്സാവസരങ്ങൾ തേടി, ഉത്തരവാദിത്തത്തോടുകൂടി പ്രതികരിച്ചു, അഭ്യസ്തവിദ്യരായ മലയാളികൾ.

ഒരൊറ്റദിന നിലപാടിന്റെ ഫലമല്ലീ രാഷ്ട്രീയ, സ്ഥാപന സംസ്കാരങ്ങൾ. തലമുറകളുടെ പ്രയത്നമുണ്ട് കേരളത്തിലെ സാമൂഹ്യപുരോഗതിയെ തുണയ്ക്കുന്ന ഈ സംവിധാനങ്ങളൊരുങ്ങുന്നതിൽ. പല സുചകങ്ങളിലും ദേശീയ ശരാശരിക്കുമെറെ മുകളിലാണ് ഈ സംസ്ഥാനം. അവകാശാധിഷ്ഠിതമായ ക്ഷേമ സംസ്കാരത്തിന് പുറമെ സജീവമായ ഒരു പൊതുസമൂഹമുണ്ടിവിടെ, സ്വതന്ത്രവും നിക്ഷ്പക്ഷവുമായ മാധ്യമങ്ങളുണ്ട്, മത്സരാധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംവിധാനമുണ്ട്. ജനാധിപത്യത്തിന്റെ കറുത്ത് കാണാമിവിടെ മാറി മാറി വരുന്ന കമ്യൂണിസ്റ്- കോൺഗ്രസ് മുന്നണി സർക്കാരുകളിൽ. ഭരണഘടനാ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലുമുള്ള വിശ്വാസവും പ്രധാനമായൊരു കാര്യമാണെന്ന് വിദേശികൾ പോലും നിരീക്ഷിച്ചിട്ടുമുണ്ട്.

അതുകൊണ്ടു തന്നെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ്‌, വളരെ മനുഷ്യത്ത പരമായാണ് ഇവിടെ നിയന്ത്രണങ്ങൾ നടപ്പിലാക്കപ്പെട്ടത്. വീട്ടുസാധനങ്ങൾ കൊണ്ടുതരാനാളില്ലെന്ന് ക്വാറന്റീനിൽ കഴിയുന്നവർക്ക് പരാതിയുണ്ടായപ്പോൾ ആ ജോലി പോലീസ് ഏറ്റെടുത്തു. സ്‌കൂളുകൾ അടച്ചപ്പോൾ, ഉച്ചഭക്ഷണത്തിന് സ്‌കൂളുകളെ ആശ്രയിച്ചിരുന്ന കുട്ടികൾക്ക് വീടുകളിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുത്തു. കേന്ദ്ര സർക്കാർ ലോക്ഡൗൺ പോലും പ്രഖ്യാപിക്കുന്നതിന് മുൻപേ സമഗ്രമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു, കേരളം.

ഇരുപത് ലക്ഷം മാസ്കുകളും, 5000 ലിറ്റർ സാനിറ്റൈസറും ഉത്പാദിപ്പിച്ച് സർക്കാരിന് തുണയായീ കുടുംബശ്രീ. വിശക്കുന്നവർക്കായി 1200 സമൂഹ അടുക്കളകളൊരുങ്ങി. ദിനംപ്രതി മൂന്ന് ലക്ഷം പേർക്ക് ഉച്ച ഭക്ഷണം വിളമ്പി കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾ.

വ്യാജ വാർത്തകൾ തടയാൻ പൊതുസമൂഹവുമായി നിരന്തരാശയവിനിമയം നടത്തീ കേരളം. മറ്റിടങ്ങളിലേത് പോലെ നിയമപാലനത്തിലൂന്നിയായിരുന്നില്ല, മറിച്ച്, ജനപങ്കാളിത്തത്തിലൂന്നി നിന്നായിരുന്നു കേരളത്തിന്റെ ഇടപെടലുകൾ. അതിഥി തൊഴിലാളികൾ അസ്വസ്ഥരായപ്പോൾ അവർക്ക് സൗജന്യ താമസവും ഭക്ഷണവും ഉറപ്പുവരുത്തി. അവർക്ക് കാത്തിരിക്കാൻ ഉപദേശമായ് സർക്കാർ. അവരുടെ ഭാഷയിൽ കൊടുത്ത ഈ നിർദേശങ്ങൾ മുഖവിലയ്‌ക്കെടുത്ത് അവർ അധികാരികളെ അനുസരിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളെ തെരുവിലുപേക്ഷിക്കുന്നതാണ് നമ്മൾ കണ്ടത്.

കേരളത്തിന്റെ അതിജീവനം ഇത്രയേറെ പ്രധാനമാവുന്നത് ഇവിടുത്തെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോഴാണ്. ഇവിടുത്തെ ജനസംഖ്യയുടെ 17% പ്രവാസികളാണ്; വർഷത്തിൽ പത്ത് ലക്ഷം വിദേശ ടൂറിസ്റ്റുകൾ വരുന്നുണ്ടിവിടെ, നൂറ് കണക്കിന് വിദ്യാർഥികൾ ചൈനയടക്കം പല വിദേശ നാടുകളിലും പഠിക്കുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താലറിയാം ഇങ്ങനെയൊരു പാൻഡമിക് പടരാൻ എത്രത്തോളം സാധ്യതയുണ്ടായിരുന്ന നാടാണ് കേരളമെന്ന്. കോവിഡിനെ തളച്ച്, വിജയത്തിന്റെ വർണക്കൊടികൾ പാറിക്കുകയാണീ നാടിന്ന്.

വികേന്ദ്രീകൃത ഭരണസംവിധാനം, സുതാര്യത, സമഭാവന, അവകാശബോധം, പൊതു സംവിധാനത്തിലുള്ള വിശ്വാസം, സർക്കാരിന്റെ ഉത്തരവാദിത്തബോധം…ഇതെല്ലാം ചേർന്നാണ് കേരളത്തിന്റെ വിജയഗാഥ രചിച്ചത്. ഇപ്പോഴുള്ളതും ഇനി വരാനുള്ളതുമായ പ്രതിസന്ധികളോട് പ്രതികരിക്കുന്നതിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. മൂക്കിന് താഴെ നടക്കുന്ന ഈ വിജയചരിതം കാണാൻ ഇന്ദ്ര പ്രസ്ഥത്തിലാരുമില്ലെന്നതാണ് സങ്കടം.

Top