തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ആയതോടെ കോൺഗ്രസിൽ അടിപടലം തുടങ്ങി .നിശബ്ദമെന്നു തോന്നുന്ന പാർട്ടി വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത് .ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് പേരുള്ള ,സോളാർ കേസിൽ അടക്കം ഉമ്മൻ ചാണ്ടിക്കായി ചാവേറായി നിന്ന ബെന്നി ബഹന്നാൻ ഉമ്മൻ ചാണ്ടിക്ക് അനഭിമതനായിരിക്കുന്നു .അല്ലെങ്കിൽ ഉമ്മൻ ചാണ്ടി ബെന്നിയെ വലിച്ച് പുറത്ത് എറിഞ്ഞിരിക്കയാണ് .ഗ്രുപ്പിൽ നിന്നും പുറത്തായിരുന്നു .കെപിസിസിസ് പുനഃ:സംഘടനയിൽ ഒന്നും കൊടുത്തതുമില്ല .ഇപ്പോൾ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും രാജി വെച്ചിരിക്കയാണ് ബെന്നി ബഹനാൻ എം.പി. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. സ്ഥാനമൊഴിഞ്ഞാൽ അത്തരം ചർച്ചകൾ അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
ബെന്നി ബെഹന്നാന്റെ രാജിയെ തുടർന്ന് എ ഗ്രൂപ്പിലും പാർട്ടിയിലും ഭിന്നത അതി ശക്തമാകുന്നു. ഇ ഗ്രുപ്പിൽ ബെന്നി ബെഹന്നാൻ ഒറ്റപ്പെട്ടു .പാർട്ടിയിൽ ചെന്നിത്തല ഗ്രുപ്പിൽ ഒട്ടി നിൽക്കുന്നു എങ്കിലും ചെന്നിത്തലയും രക്ഷകൻ ആകുന്നില്ല . സോളാർ കേസിൽ സരിത അടക്കമുള്ള പ്രശ്‌നങ്ങൾ വന്നപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരുന്ന തിരുവഞ്ചൂർ എ ഗ്രൂപ്പിന് അനഭിമതനായിരുന്നു. എ ഗ്രൂപ്പിന് അനഭിമതനായപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനം തിരുവഞ്ചൂരിനു നഷ്ടമാവുകയും ആ സ്ഥാനത്ത് കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ പിന്തുണ തിരുവഞ്ചൂരിനു നഷ്ടമായിരുന്നു. സമാന സാഹചര്യമാണ് ബെന്നി ബെഹാന്നനും വന്നു പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ താത്ക്കാലത്തെക്കെങ്കിലും ബെന്നി ബഹന്നാനു നഷ്ടമായിരിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് പ്രഭാവമില്ലാത്ത കാലത്ത് പോലും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ച് നിന്ന ബെന്നി ബെഹന്നാൻ ഇപ്പോൾ ഒന്നുമല്ലാത്തവനായി ഗ്രുപ്പിൽ വെറും കറിവേപ്പിലയായി പുറത്തായിരിക്കയാണ് . വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ പിന്തുണയ്ക്കാം എന്നുള്ള ധാരണവരെ ബഹന്നാനും ചെന്നിത്തലയും കൂടി എത്തി. ഇത് ഉമ്മൻ ചാണ്ടി മണത്തറിയുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്കും ബെഹന്നാനും തമ്മിലെ അകൽച്ച കൂടിയത്. ഈ അകൽച്ച തന്നെയാണ് ബഹന്നാന്റെ യുഡിഎഫ് കൺവീനർ പദവി തെറുപ്പിച്ചത്.
യുഡിഎഫ് കൺവീനർ പദവിയിൽ വാഴിക്കാൻ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത് ബെന്നി ബഹന്നാനെ ആയിരുന്നില്ല. കെ.മുരളീധരനെ ആയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന്. ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ സ്വാഭാവികമായും യുഡിഎഫ് കൺവീനർ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല കടന്നുവന്നപോലെ ഒരു സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഈ സമയത്തും സൃഷ്ടിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരനെ വാഴിക്കുക. ഉമ്മൻ ചാണ്ടിയും കെ.മുരളീധരനും തമ്മിൽ രൂപപ്പെട്ട ധാരണയുടെ പുറത്താണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത്. ഉണർന്നെണീറ്റ് മുരളീധരന്റെ ഈ പോസ്റ്റ് വെട്ടിയത് ചെന്നിത്തലയാണ്.
പ്രതിപക്ഷ നേതാവായി ചെന്നിത്തല ഇരിക്കുമ്പോൾ യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരൻ വന്നാൽ അപകടം എന്ന് മനസിലാക്കിയ ചെന്നിത്തല യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മുരളീധരനെ വെട്ടികളയുകയായിരുന്നു .ആ പോസ്റ്റിലേക്ക് എ ഗ്രൂപ്പിൽ നിന്നും ബെന്നി ബെഹന്നാനെ ചെന്നിത്തല ഗ്രുപ്പ് പിന്തുണക്കുകയായിരുന്നു .യുഡിഎഫ് കൺവീനർ പദവിയിൽ ബെന്നി ബെഹന്നാൻ എത്തിയത് അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിനും കടുത്ത പകയുണ്ടായിരിക്കാം.അതിനാൽ ആണിപ്പോൾ ബെന്നിയെ പുകച്ച് പുറത്താക്കിയത് .ഇവിടെയും താളം പിഴച്ചത് ചെന്നിത്തലക്കാണ് .
ഉമ്മൻ ചാണ്ടിക്ക് ഒരു തവണ കൂടി മുഖ്യമന്ത്രിയാകണം. പക്ഷെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിയർപ്പൊഴുക്കിയ ചെന്നിത്തലയാണ് മുഖ്യമന്ത്രി പദവിക്ക് അർഹൻ. എങ്ങനെയെങ്കിലും ചെന്നിത്തലയെ വെട്ടി ഉമ്മൻ ചാണ്ടിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ എ ഗ്രൂപ്പിൽ നീക്കങ്ങൾ ശക്തമാണ്. എംഎൽഎ എന്ന നിലയിൽ ഉമ്മൻ ചാണ്ടി അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ നടന്ന ആഘോഷങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടാനുള്ള എ ഗ്രൂപ്പിന്റെ നീക്കങ്ങളുടെ പ്രതിഫലനം കൂടിയുണ്ട്. ഇതുകൊണ്ട് തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹന്നാന്റെ രാജി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസിന്റെ നടക്കുന്ന ഗ്രൂപ്പ് പോരുകളുടെ തുടക്കം കൂടിയാണ് എന്ന് വിലയിരുത്തപ്പെടുന്നത്.
എംപിയായിരിക്കുന്ന അവസ്ഥയിലും യുഡിഎഫ് കൺവീനർ കൂടി പദവി നിലനിർത്താൻ ബെഹന്നാൻ ആഞ്ഞു ശ്രമിച്ചതാണ്. കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ വരെ ഇരട്ടപ്പദവി കയ്യാളുന്നത് ബെഹന്നാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഉമ്മൻ ചാണ്ടിയുടെ നീരസം പ്രകടമായതോടെയാണ് ഉമ്മൻ ചാണ്ടിയെയോ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെയോ അറിയിക്കാതെ ഹൈക്കമാൻഡിനു ബെന്നി ബെഹന്നാൻ രാജിക്കത്ത് കൈമാറിയത്. എ ഗ്രൂപ്പിലെ പൊട്ടിത്തെറി ബഹന്നാന്റെ രാജിയോടെ ശക്തമാകാനാണ് സാധ്യത.
അതിനിടെ കോൺഗ്രസ് ദേശീയ നേതൃത്വം നടപ്പാക്കിയ ഒരു പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ മുന്നണി ചെയർമാനായത് എന്ന് ബെന്നി പറയുന്നു . ആ പാക്കേജ് നടപ്പിലായി. കൺവീനർ സ്ഥാനമുയായി ബദ്ധപ്പെട്ടുണ്ടായ ചർച്ചകൾ വേദനിപ്പിച്ചെന്നും സ്ഥാനമാനങ്ങളല്ല തന്നെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൺവീനറായിരുന്നപ്പോൾ താൻ എടുത്ത തീരുമാനങ്ങൾ പാർട്ടിയ്ക്ക് ഗുണകരമായി. ഉമ്മൻ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ നേരത്തെ രാജിവെച്ചേനെ. തനിക്കെതിരായ വാർത്ത ഏതെങ്കിലും ഉറവിടത്തിൽ നിന്നായിരിക്കും വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടിയിലെ പൊട്ടിത്തെറി വ്യക്തമാക്കിക്കൊണ്ട് യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹന്നാന് പിന്നാലെ കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. രണ്ട് പദവികള്‍ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി.ഫേസ്ബുക്കിലൂടെയാണ് രാജിക്കത്ത് നല്‍കിയ കാര്യം കെ മുരളീധരന്‍ അറിയിച്ചത്. ദൗത്യങ്ങള്‍ ഉത്തരവാദത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ട്. ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്.ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി. പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹ്നാൻ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകും