കര്‍ണാടകയില്‍ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരില്‍ ഒരാളായ ആനന്ദ് സിങ്ങിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലഹത്തിനിടെ എംഎല്‍എ ജെ.എന്‍.ഗണേഷ് മദ്യക്കുപ്പി കൊണ്ടു തലയ്ക്കടിച്ചാണ് പരുക്കേറ്റതെന്നാണ് ആരോപണം. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ചികില്‍സ തേടിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബംഗളൂരു അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലുള്ള സിങ്ങിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. എംഎല്‍എമാരെ വലയിലാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ചയാണ് പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് ബിഡദിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ റിസോര്‍ട്ടുകളിലേക്കു മാറ്റിയത്.
കാംപ്ലി എംഎല്‍എ ഗണേഷ് ബിജെപിയിലേക്കു കൂറുമാറാന്‍ ഒരുങ്ങുന്നുവെന്ന് ആനന്ദ് സിങ് ആരോപിച്ചതിനെ തുടര്‍ന്നു കലഹമുണ്ടാവുകയും മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതായാണ് വിവരം. ബെള്ളാരിയിലെ കാംപ്ലിയില്‍ നിന്നുള്ള എംഎല്‍എയാണ് ഗണേഷ്. ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബെള്ളാരിയിലെ വിജയനഗറില്‍ നിന്നാണ് വിജയിച്ചത്.
ബിജെപി മുന്‍മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദന റെഡ്ഡിയുടെ വിശ്വസ്തനായിരുന്ന ആനന്ദ് അനധികൃത ഇരുമ്പയിര് കയറ്റുമതിക്കേസില്‍ അറസ്റ്റിലായിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ഗുണ്ടാരാജിന് ഉദാഹരണമാണിതെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.