ന്യൂഡല്‍ഹി: പടുകൂറ്റന്‍ പരാജയത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നത് വമ്പന്‍ തന്ത്രം. രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ തീരുമാനിച്ചതുമുതല്‍ കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത് വന്‍ അഴിച്ചുപണിയാണ്. നിലവിലുള്ള കോണ്‍ഗ്രസ് ഘടന അപ്പാടെ മാറ്റിമറിക്കുകയാണ് ലക്ഷ്യം. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയാലും പോരാട്ടം നയിക്കുന്നത് രാഹുല്‍ തന്നെ ആയിരിക്കുമെന്നാണ് സൂചന.
പാര്‍ട്ടി അദ്ധ്യക്ഷനായാല്‍ സംഘടനാപരമായി ദൈനംദിനം ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ടി വരുന്നതിനാലാണ് രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. രാജ്യം മുഴുവന്‍ ജനസമ്പര്‍ക്കം നടത്തിയും ബി.ജെ.പി വിരുദ്ധ സമരങ്ങള്‍ക്ക് മുന്നില്‍ നിന്നും മോദി വിരുദ്ധ പ്രസ്ഥാനത്തിന് രാഹുല്‍ തന്നെ നേതൃത്വം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടി അദ്ധ്യക്ഷന്‍ പുതിയ ആളായാലും കോണ്‍ഗ്രസിന്റെ മൊത്തം കടിഞ്ഞാണ്‍ രാഹുലിന്റെ കൈകളിലായിരിക്കും. അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വമെങ്കിലും രാഹുല്‍ ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ പാര്‍ലമെന്റി പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നതിനെക്കാള്‍ നല്ലത് പൂര്‍ണസമയം ജനസമ്പര്‍ക്കമായിരിക്കുമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നതത്രേ. ജനങ്ങളോടൊന്നിച്ച് നില്‍ക്കുന്ന രാഹുലിനെയാകും ഇനി കാണാനാകുക.
രാഹുലിനെ മുന്‍നിറുത്തി ഇമേജ് ബില്‍ഡിംഗ് നടത്തുകയും പാര്‍ട്ടിയുടെ നേതൃത്വം പ്രസിഡന്റ് വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സംസാരമുണ്ട്. രാഹുലിന്റെ നേതൃത്വത്തില്‍ ജനസമ്പര്‍ക്കം, പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം, പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തിന് കീഴില്‍ പാര്‍ലമെന്റിലെ ഫലപ്രദമായ ഇടപെടല്‍ എന്നിവയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.
ജനകീയ പ്രക്ഷോഭം ഏറ്റെടുത്ത് നടത്തുകയാവും രാഹുല്‍ ഗാന്ധി ചെയ്യുകയെന്ന് പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം, കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബലമാണ് എന്നുള്ളതാണ് നേതൃത്വത്തെ അലട്ടുന്ന തലവേദന. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടും. അത് പരിഹരിക്കാനും മികച്ച വിജയം നേടാനും രാഹുല്‍ മാജിക് എന്താണെന്ന് കാത്തിരിക്കുകയാണ് നേതാക്കള്‍.
ജനങ്ങളിലേയ്ക്ക് പാര്‍ട്ടിയെയും തങ്ങളുടെ ആശയത്തെയും എത്തിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കുടംബാധിപത്യം, മക്കള്‍ രാഷ്ട്രീയം എന്നിവയ്ക്ക് അന്ത്യംകുറിക്കുന്നതിനായാണ് ശ്രമം. ജനങ്ങളില്‍ നിന്നും വളര്‍ന്നുവരുന്ന നേതാക്കന്മാരിലേയ്ക്ക് പാര്‍ട്ടി പദവികള്‍ എത്തും. എതിരാളികള്‍ നിര്‍മ്മിക്കുന്ന ആരോപണങ്ങളെയും വ്യാജ പ്രചാരണങ്ങളെയും പൊളിക്കുന്നതിനും പ്രത്യേകം പരിശീലനം നേടിയവര്‍ രംഗത്തെത്തും.