തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ശബരിമല സമരം നടന്ന വാര്‍ഡില്‍ ബിജെപിക്ക് വെറും 9 വോട്ട്; കല്ലറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു

തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കൊല്ലം അഞ്ചലിലും, നെടുംപുറത്തും എല്‍ഡിഎഫ് നിലനിര്‍ത്തി. കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ 307 വോട്ടിന് എല്‍ഡിഎഫ് വിജയിച്ചു.

എന്നാല്‍, കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജി.ശിവദാസന്‍ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യു. ഡി. എഫിന്റെ കൈകളിലായി. എല്‍. ഡി .എഫിലെ എസ്.ലതയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്ക് 66 വോട്ടുകള്‍ ലഭിച്ചു.

ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒമ്പത് വോട്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണിലാണ് ബി.ജെ.പിക്ക് ഒമ്പതുവോട്ടുകള്‍ മാത്രം ലഭിച്ചത്. വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ ജയിച്ചത്.

13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

Top