ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത് ബിജെപിയുടെ തന്നെ തന്ത്രങ്ങള്‍ കൂട്ടുപിടിച്ച്. ബിജെപി ഹിന്ദുത്വം ആയുധമാക്കിയപ്പോള്‍ കോണ്‍ഗ്രസും അത് വിട്ടുകളഞ്ഞില്ല. ഹിന്ദു പ്രീണനത്തില്‍ കൂട്ടുപിടിച്ചു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുതല്‍ പ്രചാരണത്തില്‍ വരെ ഇക്കാര്യം കാണാനാകും. ഗോശാലകള്‍, സംസ്‌കൃത സ്‌കൂളുകള്‍ എന്നിവ വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ചത്. ഹിന്ദുവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് നല്‍കിയത്. എല്ലാ പഞ്ചായത്തിലും ഗോശാലകള്‍, ആത്മീയതയ്ക്കായി പ്രത്യേക വകുപ്പ്, സംസ്ഥാനത്തുടനീളം സംസ്‌കൃത സ്‌കൂളുകള്‍ എന്നിവയെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പായി ഹിമാലയം സന്ദര്‍ശനം നടത്തിയതും, തെരഞ്ഞെടുപ്പ് അടുത്ത സമയങ്ങളില്‍ ക്ഷേത്രങ്ങളും ഗുരുദ്വാരകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതുമെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്‍ധ്യയും രാഹുലിനെ അനുഗമിച്ചു.
ഇതിനെ ചോദ്യം ചെയ്ത് മോദിയുടേയും യോഗിയുടേയും നേതൃത്വത്തില്‍ ബി.ജെ.പി രംഗത്തെത്തിയെങ്കിലും കോണ്‍ഗ്രസ് തങ്ങള്‍ ‘പ്രൊ ഹിന്ദു’ വാണെന്ന ലേബല്‍ മാറ്റുന്നതിനോ ആരോപണങ്ങളെ പ്രതിരോധിക്കാനോ ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ആരാധനാലയങ്ങള്‍ ലക്ഷ്യംവെച്ച് രാഹുല്‍ മധ്യപ്രദേശിലുടനീളം സഞ്ചരിച്ചു.