ലഖ്‌നൗ: സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് റായ്ബറേലിയിലെ എംഎല്‍എ. ദുരന്ത വേളയില്‍ എന്തിനാണ് തരംതാണ രാഷ്ട്രീയം കളിക്കുന്നത്. 1000 ബസുകള്‍ എന്ന് പറഞ്ഞു കൈമാറിയ പട്ടികയില്‍ പകുതിയിലധികം രജിസ്‌ട്രേഷനും വ്യാജമാണ്. 297 എണ്ണം കേടായ ബസുകളാണ്. 98 ഓട്ടോറിക്ഷകളും ആംബുലന്‍സുകളുമുണ്ട്. 68 വാഹനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്നും അതിഥി സിങ് പറയുന്നു. എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല എന്തുകൊണ്ടാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നിങ്ങള്‍ ബസുകള്‍ അയക്കാത്തത്. എന്തൊരു ക്രൂരമായ തമാശയാണിത്. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും അതിഥി സിങ് കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് ശ്രമിച്ചില്ല. ചുരുങ്ങിയത് അതിര്‍ത്തികളിലെങ്കിലും അവരെ എത്തിക്കാമായിരുന്നില്ലേ. യോഗി ആദിത്യനാഥ് അര്‍ധരാത്രി ബസുകള്‍ അയച്ച് എല്ലാ വിദ്യാര്‍ഥികളെയും നാട്ടിലെത്തിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വരെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അതിഥി സിങ് പറഞ്ഞു.
രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ബസുകള്‍ കണ്ടുകെട്ടി. പിന്നീട് ബസുകള്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പങ്കജ് മാലിക് ഉള്‍പ്പെടെ സംസ്ഥാനത്തെ 20 പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ കഴിഞ്ഞദിവസം ആഗ്രയില്‍ അറസ്റ്റ് ചെയ്തിരുന്നു.
കാര്യങ്ങള്‍ ഇത്രയും വഷളായിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. തൊഴിലാളികളെ കൊണ്ടുവരാന്‍ ബൈക്കും ഓട്ടോറിക്ഷയുമാണ് ഒരുക്കിയതെന്ന സര്‍ക്കാര്‍ അറിയിച്ചതിനെ പിന്തുണച്ചാണ് അതിഥി സിങ് എംഎല്‍എ രംഗത്തുവന്നത്. കോണ്‍ഗ്രസ് ചെയ്യുന്നത് എന്ത് ക്രൂരമായ തമാശയാണെന്ന് അവര്‍ ചോദിച്ചു.
ഉത്തര്‍ പ്രദേശില്‍ പ്രധാന ചര്‍ച്ചയാണ് കുടിയേറ്റ തൊഴിലാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. തൊഴിലാളികളെ കൊണ്ടുവരാന്‍ ബസുമായി കോണ്‍ഗ്രസ് രംഗത്തുവന്നപ്പോള്‍ തടസം നിന്നു യോഗി സര്‍ക്കാര്‍. പിന്നീട് അനുമതി നല്‍കിയെങ്കിലും തടസങ്ങള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു.രാജസ്ഥാന്‍-യുപി അതിര്‍ത്തിയില്‍ ബസ് ഒരുക്കി നിര്‍ത്തി കോണ്‍ഗ്രസ്. തങ്ങള്‍ ബസ് എത്തിക്കാം. തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരൂ എന്നാണ് പ്രിയങ്ക ഗാന്ധി വെല്ലുവിളിച്ചത്. യോഗി സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയില്ല. പിന്നീട് എല്ലാ ബസുകളുടെയും ഫിറ്റ്‌നസ് പരിശോധിക്കാന്‍ ലഖ്‌നൗവിലെത്തിക്കാന്‍ ആവശ്യപ്പെട്ടു.
ബസുകള്‍ അനാവശ്യമായി ലഖ്‌നൗ വരെ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. തുടര്‍ന്ന് ബസുകളുടെ നമ്പറും ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ വിവരങ്ങളും യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൈമാറി. ഇവ പരിശോധിച്ച ശേഷം ബസ്സുകളുടേതെന്ന പേരില്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ഓട്ടോ റിക്ഷയും സ്‌കൂട്ടറും വരെയുണ്ടെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
യോഗി സര്‍ക്കാര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഒടുവില്‍ ഗാസിയാബാദിലെയും നോയിഡയിലെയും ജില്ലാ കളക്ടര്‍മാര്‍ മുമ്പാകെ ബസുകള്‍ ഹാജരാക്കാന്‍ യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിയതും പോലീസ് അറസ്റ്റ് ആരംഭിച്ചതും.
ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നോയിഡയില്‍ കുടങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ചൊവ്വാഴ്ച രാത്രി 100 ബസുകള്‍ എത്തിച്ചു. ബുധനാഴ്ച രാവിലെ യുപി പോലീസ് വാഹനങ്ങള്‍ തടഞ്ഞുവച്ചു. ബസുകളുടെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് പോലീസ് തടഞ്ഞത്. ഇതില്‍ ചില ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചുവെന്ന് പോലീസ് പറയുന്നു.
കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ റായ്ബറേലിയില്‍ നിന്ന് വിമത ശബ്ദമുയര്‍ന്നത് കോണ്‍ഗ്രസിനെയും മേഖലയുടെ പാര്‍ട്ടി ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കോണ്‍ഗ്രസിനെ പരിഹസിക്കുക മാത്രമല്ല എംഎല്‍എ ചെയ്തത്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തുകയും ചെയ്തു.റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് അതിഥി സിങ്. പാര്‍ട്ടിയുടെ യുവ വനിതാ നേതാവ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഎല്‍എ ആയിരുന്നു ഇവര്‍. എന്നാല്‍ അടുത്തിടെ പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്നത് പതിവാണ്.