ശ്രീനഗര്‍: ലോക്സഭയില്‍ ജമ്മു കശ്മീര്‍ പ്രമേയം വലിച്ചുകീറി പ്രതിഷേധിച്ച കേരളാ എം.പിമാര്‍ക്ക് സ്പീക്കറുടെ ശാസന. ടി.എന്‍ പ്രതാപനും ഹൈബി ഈഡനും രമ്യാ ഹരിദാസുമാണു പ്രമേയം വലിച്ചുകീറിയത്. ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും രാവിലെ സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തയാണു ശാസിച്ചത്. ഇരുവര്‍ക്കും പുറമേ രമ്യാ ഹരിദാസും പ്രമേയം വലിച്ചുകീറിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.