13 മണിക്കൂറുകള്‍ക്കൊടുവില്‍ സയാമീസ് ഇരട്ടകള്‍ വേര്‍പ്പെട്ടു; ഒരാളെ തനിച്ചാക്കി മറ്റേയാള്‍ യാത്രയായി…  

റിയാദ്: പതിമൂന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ വേര്‍പ്പെട്ട സയാമീസ് ഇരട്ടകളിലൊരാള്‍ മരിച്ചു. ഗാസയിലെ സയാമീസ് ഇരട്ടകളായ ഹനീന, ഫറ എന്നിവരെ വേര്‍പ്പെടുത്തിയത് റിയാദിലെ കിങ് അബ്ദുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു.  ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ജന്മനാ തന്നെ ഹൃദയവും തലച്ചോറുമെല്ലാം ചെറുതായിരുന്ന ഫറയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇരുവരുടേയും കുടലും കരളും ഉള്‍പ്പെടെ വേര്‍പെടുത്താന്‍ ഒമ്പത് ഘട്ടമായാണ് ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബറിലാണ് ഇവര്‍ ജനിച്ചത്.  വെവ്വേറെ ഹൃദയവും ശ്വാസകോശവും ഉണ്ടായിരുന്നെങ്കിലും വയറും കീഴ്ഭാഗവും കാലുകളും ഇരുവരും പങ്കിട്ടിരുന്നു. ഇവരുടെ വാര്‍ത്തയറിഞ്ഞ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിതാവ് സല്‍മാന്‍ രാജാവിന്റെ സഹായത്തോടെ ചികിത്സക്ക് ഉത്തരവിടുകയായിരുന്നു. ഗാസാ അതിര്‍ത്തി കടന്ന് ജോര്‍ദാനിലെത്തിയ ഇവരെ വ്യോമമാര്‍ഗമാണ് റിയാദിലെത്തിച്ചത്. പിതാവിനെ മക്കള്‍ക്കൊപ്പം വിട്ടെങ്കിലും ഇവരുടെ ഉമ്മയെ ഇസ്രയേല്‍ പട്ടാളം അതിര്‍ത്തിയില്‍ തടഞ്ഞു. റിയാദിലെത്തിച്ച ഇവരെ പരിശോധിച്ച് ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി.  സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയില്‍ പേരുകേട്ട, മുന്‍ സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പതിമൂന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ശാരീരിക ശേഷി കുറഞ്ഞ ഫറ ജീവിതത്തില്‍ നിന്നും മടങ്ങി. അതേസമയം പൂര്‍ണ ആരോഗ്യവതിയാകും വരെ ഹനീന റിയാദിലുണ്ടാകുമെന്നാണ് വിവരം.

Top