കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രണ്ടാം സാക്ഷിയാകും മഞ്ജു. മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയലിലേക്ക് എത്തിയതിന് പിന്നില്‍ അക്രമിക്കപ്പെട്ട നടിയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ദിലീപ് നടിയ്‌ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് കേസന്വേഷണത്തിന്റെ തുടക്കംമുതലേ സംശയിച്ചിരുന്നു. പില്‍ക്കാലത്തുണ്ടായ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെന്നും എന്നാല്‍ ദിലീപുമായി ഭൂമി, പണമിടപാടുകള്‍ ഇല്ലെന്നും നടി ദിവസങ്ങള്‍ക്ക് മുന്‍പിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു
കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം മഞ്ജു അറിയാനിടയായത് അക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നും ഇതാണ് നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്നുമുള്ള സാധ്യതയാണ് കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ കാര്യം. നടിയ്ക്ക് മലയാളത്തില്‍ കുറേക്കാലങ്ങളായി അവസരങ്ങള്‍ കുറഞ്ഞതിന് കാരണം ദിലീപിന്റെ സാന്നിധ്യമാണെന്ന് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒന്നരവര്‍ഷം മുന്‍പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കാതെ നടി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പുതന്നെ പൊലീസ് കേസ് സംബന്ധിച്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇതിനുപിന്നാലെയായിരുന്നു ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് വിധേയരാക്കിയത്.
അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാടറിയാനാണ് ഹര്‍ജി മാറ്റിവച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ അഞ്ച് ദിവസത്തെ സാവകാശമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടത്. കേസില്‍ കുടുക്കാന്‍ ഇന്നതതലങ്ങളില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.