ഹിജാബ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്. ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് എംഎല്‍എ. ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകുമെന്നും ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമെന്നും ഇയാള്‍ പറഞ്ഞു.
ഹുബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയില്‍ അടച്ചിട്ട ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10-ാം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകള്‍ സാധാരണരീതിയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിയു കോളേജുകളും ഡിഗ്രി കോളേജുകളും തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയോട് റിപ്പോര്‍ട്ട് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 16വരെ കോളേജുകള്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം. ഹിജാബ് സംഭവങ്ങള്‍ക്ക് പിന്നില്‍ വിദേശ സഹായമുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകയിലെ ചില കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് അണിഞ്ഞ വിദ്യാര്‍ഥികളെ വിലക്കിയതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നത് അധികൃതര്‍ തടഞ്ഞു. ഇതോടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരത്തിലായി. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂളില്‍ എത്താന്‍ തുടങ്ങി. സംഘര്‍ഷം പതിവായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.