വർഗീയത പറഞ്ഞ ഫാദറിനെ തള്ളി കത്തോലിക്ക സഭ ; ഫാദറിനെതിരെ പോലീസ് കേസും

ഇസ്‌ലാം മതവിശ്വാസത്തിനെതിരായ പരാമർശം നടത്തിയ ഫാദറിനെ തള്ളി കത്തോലിക്ക സഭ. സഭയുടെ നിലപാട് അല്ല ഫാദർ പറഞ്ഞത്. ഇസ്‌ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടെയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാർദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദർ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം നടത്തിയത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയിൽ പ്രസംഗിച്ചു എന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉളിക്കൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. അതേസമയം പരസ്പര ബഹുമാനത്തോടും സൗഹാർദത്തോടും കൂടി ഇരു മതങ്ങളും പ്രവർത്തിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റുമായുള്ള ചർച്ചയിൽ ധാരണയായി.

ഹലാൽ വിശദീകരണ യോ​ഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണിയുടെ പരാമർശം. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാ​ഗത്തും ചെയ്ൻ ജ്യൂസ് കട നടത്തി ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദർ പറഞ്ഞിരുന്നു.

നേരത്തെ ഫാ. ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി രം​ഗത്തുവന്നിരുന്നു. ഫാദർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുന്നി യുവജന സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.‌

ഇത്തരത്തിലുള്ള പ്രസ്താവനകൾ ഫാദറിനെ പോലെ വിദ്യാഭ്യാസമുള്ളവർ നടത്തുന്നത് ഖേദകരാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് വൈഎസ് പറഞ്ഞിരുന്നു.

Top