കത്തോലിക്കാ സഭ വിട്ടുപോയവര്‍ കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്’സംഘടന രൂപീകരിക്കുന്നു.

കൊച്ചി:സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ അവര്‍ ഒന്നിക്കുന്ന സംഘടനക്ക് രൂപം കൊടുക്കുന്നു. നേതൃത്വത്തോട് കലഹിച്ച് കത്തോലിക്കാ സഭയില്‍ നിന്നും പടിയിറങ്ങിയവരാണ് സംഘടിച്ച് സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തി (കെസിആര്‍എം)ന്റെ നേതൃത്വത്തില്‍ കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘടന ഔദ്യോഗികമായി നിലവില്‍ വരുമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി പറഞ്ഞു.

ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റില്‍ വ്യക്തികള്‍ക്ക് പുറമെ ഇത്തരത്തിലുള്ള സംഘടനകള്‍ക്കും അംഗങ്ങളാകാം. നിലവില്‍ അതാത് സംഘടനകളില്‍ നിലനില്‍ക്കുന്ന വിശ്വാസ ജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനമാകും കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ സന്യാസം ഉപേക്ഷിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്ന സംഘടന കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്ത് പോയവരെ സഭാ നേതൃത്വം ഉള്‍ക്കൊള്ളണമെന്നാണ് കെസിആര്‍എമ്മിന്റെ നിലപാട്. ഇതിന് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും കഴിഞ്ഞമാസം റോമില്‍ നടന്ന ഫാമിലി സിനഡും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സഭ വിട്ടവരോട് അനുഭാവ സമീപനം കൈക്കൊള്ളണമെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്. പുറത്ത് പോയവരില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറുന്നവരുമുണ്ട്.ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് പെന്തക്കോസ്ത് വിഭാഗത്തിനുണ്ടാകുന്നതെന്നത് ഇതിന് തെളിവായി കെസിആര്‍എം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക, ലൈംഗീക അരാജകത്വവും പൗരോഹിത്യ മേധാവിത്വവുമാണ് കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം. വിവാഹം, ആദ്യകുര്‍ബ്ബാന പോലുള്ള കൂദാശ കര്‍മ്മങ്ങള്‍ക്കും പള്ളി നിര്‍മ്മാണത്തിനും ഭീമമായ സാമ്പത്തിക ഭാരം സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്നു. പണം നല്‍കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം രൂപതയില്‍ മറ്റ് രൂപതകളില്‍പ്പെട്ടവരുമായുള്ള വിവാഹം വിലക്കുന്ന രക്തശുദ്ധി വാദത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധത്തിന്റെ പാതയിലാണ്.

Top