വൈദികരുടെ പീഡന കഥകള്‍ തുടരുന്നു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, അമേരിക്കയില്‍ കത്തോലിക്ക വൈദികന്‍ അറസ്റ്റില്‍

റാപിഡ് സിറ്റി: കാത്തോലിക്കാ സഭയിലെ വൈദികരുടെ പീഡനകഥകള്‍ മറ നീക്കി ഒന്നൊന്നായി പുറത്തുവരുന്നു. കോരളത്തിന് പുറമെ ഇപ്പോള്‍ വൈദികരുടെ പീഡന വാര്‍ത്തകള്‍ വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ദക്കോട്ട സംസ്ഥാനത്തെ റാപിഡ് സിറ്റിയില്‍ ഇക്കഴിഞ്ഞ രണ്ടിനാണ് ഫാ. ജോണ്‍ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയിലാണ് ഫാ.ജോണ്‍.

സെപ്തംബര്‍ 30നാണ് പരാതിക്കാരിയായ പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് പറഞ്ഞത്. 38 വയസുള്ള ഫാ. ജോണ്‍ രണ്ട് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. റാപിഡ് സിറ്റി രൂപതയിലേക്ക് താത്കാലികമായാണ് ജോണ്‍ പ്രവീണ്‍ ഇടുകുലാപ്തി എന്ന ജോണ്‍ എത്തിയത്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. 2017 നവംബര്‍ മുതലാണ് ജോണ്‍ വൈദിക സ്ഥാനത്ത് തുടരുന്നത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും റാപിഡ് സിറ്റി രൂപത അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജോണിനെ രൂപതാ ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

വൈദികരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളില്‍ വിശ്വാസികളോട് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പയും ഓസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പും രംഗത്തെത്തിയിരുന്നു. എന്നിട്ടും സഭയ്ക്കുള്ളില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത് വിശ്വാസികളെയും സഭയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

Top