കുമ്പസാരരഹസ്യം മുതലെടുത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം;വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത.ഫാ.മാത്യു മുല്ലപ്പള്ളി,ഫാ.ജോസഫ് പൂത്തോട്ടൽ വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കി.

കണ്ണൂർ : യുവതിയുമായി ലൈംഗിക ബന്ധം നടത്തിയ ആരോപണത്തില്‍ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത. ഒപ്പം തന്നെ സദാചാര ലംഘനം ഉണ്ടായതില്‍ തലശേരി രൂപത വിശ്വാസികളോട് മാപ്പും ചോദിച്ചു. വൈദികരായ ജോസഫ് പൂത്തോട്ടാല്‍, മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.ഇരുവരെയും അന്വേഷണവിധേയമായാണ് പൗരോഹിത്യ വൃത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.വൈദികരെ പൗരോഹിത്യ ശുശ്രൂഷ നടത്തുന്നതിൽ നിന്നും വിലക്കുകയും ഇവർക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തതായാണ് അതിരൂപത പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നത്. അതിരൂപതാംഗമായ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ ഫോൺ സംഭാഷണം പുറത്ത് വന്ന ദിവസം തന്നെ അജപാലന ശുശ്രൂഷയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. മറ്റൊരു സഭയിൽ നിന്നും വൈദിക വൃത്തിക്കായെത്തിയ ഫാ.ജോസഫ് പൂത്തോട്ടലി നെതിരെ നടപടി എടുക്കണമെന്നും പ്രസ്തുത സഭയുടെ മേലധികാരികളോട് ആവിശ്യപ്പെട്ടുവെന്നും പത്രകുറിപ്പിൽ പറയുന്നു.

ആലക്കോട് പൊട്ടന്‍പ്ലാവ് ഇടവക വികാരിയായിരുന്നു ഫാ ജോസഫ് പൂത്തോട്ടാല്‍.ഇവര്‍ക്കെതിരെ നേരത്തെ തന്നെ ആരോപണം ശക്തമായിരുന്നു. തലശ്ശേരി രൂപത സഹായ മെത്രാനെ ഫോണില്‍ വിളിച്ച് യുവതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. എന്നാല്‍ ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ രൂപത ഇത് തള്ളുകയായിരുന്നു ചെയ്തത്. എന്നാല്‍ പിന്നീട് മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റു പറയുന്ന ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.അവിഹിതാരോപണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും അത് മൂടി വച്ച് വൈദികരെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. പിന്നീട് വലിയ വാർത്താ പ്രാധാന്യം നേടിയതോടെ അതിരൂപത നടപടി എടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.

ഇതോടെയാണ് അതിരൂപത മാപ്പ് പറഞ്ഞും ഇവര്‍ക്കെതിരെ നടപടിയെടുത്തും രംഗത്തെത്തിയത്.സദാചാര ലംഘനം ഉണ്ടായതില്‍ വിശ്വാസികളോട് മാപ്പ് ചോദിക്കുകയാണ്. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് രൂപത പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നത്. വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇതോടെയാണ് രൂപതയുടെ ഇടപെടല്‍ ഉണ്ടായത്.

മലയോര ഗ്രാമമായ പൊട്ടൻപ്ലാവ് ഇടവകയിലാണ് വൈദികർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇരുവരും സഭയിലെ നിരവധിപേരെ ചൂഷണം നടത്തിയതായാണ് ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്നും പുറത്ത് വന്ന വിവരം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പൊട്ടൻ പ്ലാവ് ഇടവകയിലെ വൈദികൻ മാത്യു മുല്ലപ്പള്ളിലിനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു. പള്ളിയിലെ തന്നെ ആളുകളാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. ഇടവകാംഗങ്ങൾ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വൈദികൻ ബലാൽക്കാരമായി കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് വൈദികൻ പള്ളിയിൽ നിന്നും ആരും അറിയാതെ കടന്ന് കളഞ്ഞത് എന്നാണ് ആരോപണം. പിന്നീട് കാസർഗോഡുള്ള ചുള്ളി ഇടവകയിലേക്ക് വൈദികനെ സ്ഥലംമാറ്റി എന്ന വിവരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്.

ഇതിന്റെ തൊട്ടു പിന്നാലെയാണ് മുൻ വികാരിയായിരുന്ന ഫാ. ജോസഫ് പൂത്തട്ടലിന്റെ (ബിജു) ഫോൺ സംഭാഷണം പുറത്ത് വരുന്നത്. മാത്യു മുല്ലപ്പള്ളിൽ വൈദികനായി ഇവിടെ എത്തുന്നതിന് മുൻപ് ബിജു പൂത്തോട്ടലാണ് ആരോപണം നേരിടുന്ന യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. യുവതി കുമ്പസാരക്കൂട്ടിൽ നടത്തിയ ഏറ്റു പറച്ചിൽ മുതലെടുത്താണ് ഇയാൾ മുതലെടുപ്പ് നടത്തിയത്. പിന്നീട് ഇടവകയുടെ സ്‌ക്കൂളിൽ നഴ്‌സ്‌റി ടീച്ചറായി ജോലി നൽകിയാണ് യുവതിയെ ഇയാൾ വശത്താക്കിയത്. യുവതിയെ കൂടാതെ കന്യാ സ്ത്രീ അടക്കം ഇടവകയിലെ മറ്റു പെൺകുട്ടികളെ വരെ ചൂഷണം ചെയ്തതായി അമ്പാട്ട് പോളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബിജു പൂത്തോട്ടലിൽ വ്യക്തമാക്കുന്നുണ്ട്.

ഈ ഫോൺ സംഭാഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തലശ്ശേരി അതിരൂപതയ്ക്ക് ഏറെ മാനക്കേടുണ്ടായി. പുരോഹിതന്മാർ നിരന്തരം ഇത്തരത്തിൽ ലൈംഗിക ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഉടൻ തന്നെ അതിരൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവക വികാരികളെയും വിളിച്ചു ചേർത്ത് പ്രത്യേക യോഗം ചേരാനാണ് ആലോചന. കൂടാതെ കത്തോലിക്കാ സഭയുടെ അച്ചന്മാർക്ക് വിവാഹം കഴിക്കാനുള്ള അനുമതി നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്ത് നിയമം ഭേദഗതി ചെയ്യാനും ആലോചനയുണ്ടെന്നാണ് അതിരൂപതയിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വൈദികന്മാരുടെ അവിഹിത ബന്ധത്തിന്റെ രഹസ്യങ്ങൾ പുറം ലോകത്തെ അറിയിച്ച അമ്പാട്ട് പോളിനെതിരെ പൊലീസ് കേസ്. വൈദികർ ചൂഷണം നടത്തിയ യുവതികളുടെയും പെൺകുട്ടികളുടെയും പേരു വിവരങ്ങൾ അടങ്ങിയ ഫോൺ സംഭാഷണം പുറത്ത് വിട്ടതിനാണ് കേസ്. കേസിന് പിന്നിൽ കത്തോലിക്കാ സഭയും പ്രമുഖ കോൺഗ്രസ് നേതാവുമാണെന്നാണ് അമ്പാട്ട് പോളിന്റെ ആരോപണം. തനിക്ക് നേരെ വധഭീഷണിയുമായി ചിലർ രംഗത്തുണ്ടെന്നും ഏതു സമയവും ജീവൻ അപകടത്തിലാവുമെന്നും അമ്പാട്ട് പോൾ മാധ്യമങ്ങളെ അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് പോളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോളിന്റെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ പക്കലുള്ള തെളിവുകളൊക്കെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വൈദികർ പീഡനം നടത്തിയ കുട്ടികളെ പറ്റിയുള്ള ഫോൺ സംഭാഷണം പ്രത്യേകം സൂക്ഷിച്ചിട്ടുണ്ടെന്നും ആവിശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കുമെന്നും അറിയിച്ചു.അതേസമയം വിവരങ്ങൾ അറിഞ്ഞിട്ടും വൈദികരുടെ കൂട്ടത്തെ മറച്ചു വെച്ചതിനു അതിരൂപതയുടെ സഹായ മെത്രാനെതിരെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട് .

Top