ചർച്ച് ബില്ല് ഭയന്ന സഭക്ക് അടുത്ത കുരിശ് ;സെമിത്തേരിയിൽ സംസ്കാരം ഉറപ്പാക്കാൻ ഓർഡിനൻസ്.പിണറായിക്കെതിരെ കർഷക മാർച്ചുമായി ക്രിസ്ത്യാനികൾ രംഗത്തിറങ്ങുമോ ?

തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളിയിലെ ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കം ശവസംസ്‌കാരത്തിനു തടസമാകാതിരിക്കാന്‍ ആണ് സർക്കാർ നീക്കം . മരിച്ചയാളുടെ ഇടവകപ്പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നത്‌ അവകാശമാക്കിക്കൊണ്ട്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാനാണു തീരുമാനം. മരണാനന്തര ശുശ്രൂഷകള്‍ ബന്ധുക്കളുടെ ഇഷ്‌ടാനുസരണമുള്ള പുരോഹിതനെക്കൊണ്ട്‌ മറ്റെവിടെയെങ്കിലും വച്ചു നടത്തണം. പള്ളിയുടെ അവകാശം മറുവിഭാഗത്തിനാണെങ്കില്‍ സെമിത്തേരിയില്‍ വച്ച്‌ സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള മരണാന്തര ശുശ്രൂഷകള്‍ക്ക്‌ അനുവാദമുണ്ടാകില്ല. സുപ്രീം കോടതിവിധി പ്രകാരം, പള്ളിയിലും സെമിത്തേരിയിലും ശുശ്രൂഷകള്‍ അവിടുത്ത പുരോഹിതനുമാത്രമേ നിര്‍വഹിക്കാന്‍ കഴിയൂ എന്നതാണു കാരണം.

ഓർത്തഡോക്സ്–യാക്കോബായ തർക്കത്തെത്തുടർന്നു പലയിടത്തും മൃതദേഹം സംസ്കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാനാണ് ഓർഡിനൻസ്.ഇതനുസരിച്ച് ഒരു ഇടവകയിലെ ഏത് അംഗം മരിച്ചാലും കുടുംബാംഗങ്ങൾക്കു പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള അവകാശം ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പല ആളുകൾക്കും തങ്ങളുടെ മുൻഗാമികളെ സംസ്കരിച്ച കുടുംബ കല്ലറയിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള തടസ്സം നീക്കാനാണു നിയമം കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടവക പള്ളിയിലെ പുരോഹിതനുമായി യോജിപ്പില്ലാത്തവർക്കു പുറത്ത് എവിടെയെങ്കിലും ചടങ്ങ് നടത്താം. മരിച്ചയാളുടെ ബന്ധുക്കൾക്കു താൽപര്യമുള്ള പുരോഹിതനെ കൊണ്ട് അവർ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലത്തു വച്ച് മരണാനന്തര ചടങ്ങു നടത്താൻ അവകാശം ഉണ്ടാകും. ഇടവക പള്ളിയിലും സെമിത്തേരിയിലും മരണാനന്തര ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാം. പള്ളിയുടെ അവകാശം മറുഭാഗത്തിന് ആണെങ്കിൽ സെമിത്തേരിയിൽ പുറത്തു നിന്നുള്ളവർക്ക് മരണാനന്തര ചടങ്ങു നടത്താനാവില്ല.പക്ഷേ സെമിത്തേരിയിൽ സംസ്കരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടാകും. കുടുംബ കല്ലറയില്ലാത്ത അംഗങ്ങളെയും പള്ളി സെമിത്തേരിയിൽ സംസ്കരിക്കാം. തടഞ്ഞാൽ ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

ഓര്‍ഡിനന്‍സ്‌ ഇറങ്ങിയതിനുശേഷം ശവസംസ്‌കാരം തടയുന്നതു ക്രമസമാധാന പ്രശ്‌നമായി കണക്കാക്കും. ആ സാഹചര്യത്തില്‍ പോലീസ്‌ സംരക്ഷണം ലഭിക്കും. സംസ്‌കാരവുമായി ബന്ധപ്പെട്ടു നിരവധി പള്ളികളില്‍ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ ഓര്‍ഡിനന്‍സിനു തീരുമാനിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തര്‍ക്കത്തിലുള്ള സഭകള്‍ സമവായത്തിലൂടെ പരിഹാരം കാണുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സഭാക്കേസിലെ സുപ്രീം കോടതിവിധിക്കുശേഷം മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്‌ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഒരു കൂട്ടര്‍ ചര്‍ച്ചയ്‌ക്കു തയാറായില്ല. മറ്റു ക്രൈസ്‌തവ സഭകളിലെ ആദരണീയരായ വ്യക്‌തികള്‍ ചര്‍ച്ചയ്‌ക്കു ശ്രമിച്ചപ്പോഴും അതേ സമീപനമാണുണ്ടായത്‌. സമവായമുണ്ടാക്കാന്‍ ഗവര്‍ണറും ശ്രമം നടത്തിയെന്നാണ്‌ അറിവ്‌. തര്‍ക്കം മൂലം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ദിവസങ്ങളോളം വൈകിയ സംഭവങ്ങളുണ്ടായി. തങ്ങളുടെ പൂര്‍വികരെ അടക്കം ചെയ്‌ത സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യണമെന്നു ബന്ധുക്കള്‍ ആഗ്രഹിക്കുകയും ഇതു വികാരപരമായ പ്രശ്‌നമായി മാറുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഓര്‍ഡിനന്‍സിനു തീരുമാനിച്ചത്‌. ഈ ഓര്‍ഡിനന്‍സ്‌ കോടതിയലക്ഷ്യമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മലങ്കര സഭയിലെ മൃതദേഹ സംസ്‌കാരത്തര്‍ക്കം പരിഹരിക്കുന്നതിന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെച്ചൊല്ലിയും ഭിന്നാഭിപ്രായം. ഓര്‍ഡിനന്‍സിനെ യാക്കോബായ സഭ സ്വാഗതം ചെയ്‌തു. ഓര്‍ഡിനന്‍സ്‌ സുപ്രീം കോടതിവിധിക്കു വിരുദ്ധമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ കുറ്റപ്പെടുത്തി.പൂര്‍വികരുടെ കുഴിമാടത്തില്‍ സംസ്‌കരിക്കപ്പെടുക ഏതൊരു വിശ്വാസിയുടെയും അവകാശമാണെന്നു യാക്കോബായ സഭ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. അതിനു നല്‍കിയ അനുവാദം സര്‍ക്കാരിന്റെ നീതിബോധവും തുല്യതയും കരുതലുമാണു കാണിക്കുന്നത്‌. അതിനു നന്ദി പറയുന്നു. കുടുംബാംഗങ്ങളെ അടക്കം ചെയ്‌ത സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതു തടയുന്നവര്‍ വിശ്വാസികളല്ല, ഭീരുക്കളാണെന്നും അദ്ദേഹം പറഞ്ഞു.ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടുമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ക്കുമാത്രമേ സഭയുടെ സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെടാന്‍ അവകാശമുള്ളൂ. സെമിത്തേരിയുടെ ചുമതലക്കാരനായ ഇടവക വികാരിയുടെ സമ്മതവും പങ്കാളിത്തവുമില്ലാതെ മൃതദേഹം സംസ്‌കരിക്കുന്നത്‌ അനുവദിക്കില്ല.

Top