കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കമലിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ചില സമ്മര്‍ദ്ദങ്ങളെന്ന് സൂചന. സംഭവത്തില്‍ നേരത്തെ ഗൂഢാലോച ഇല്ലെന്ന തരത്തിലുള്ള വാദങ്ങളാണ് കമല്‍ ഉയര്‍ത്തിയത്. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഗൂഡാലോചന ഉണ്ടെന്നും ദിലീപിനെ സംശമുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും പറയുന്നതിന് പിന്നലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ‘മീഡിയാ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിന് പിന്നില്‍ ആമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. അതായത് ആമിയില്‍ നായികയായി കമല്‍ കാണുന്ന നടി. വിദ്യാബാലന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആമിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ആമിയില്‍ മഞ്ജുവാര്യര്‍ അഭിനയിക്കുമെന്ന സൂചന പുറത്തുവന്നതോടെ വിവാദങ്ങളും തുടങ്ങി. എന്നാല്‍ അതിശക്തമായി തന്നെ കഥാപാത്രത്തെ അങ്ങനെ കാണണമെന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി മഞ്ജു കമലിന് പിന്തുണയുമായി എത്തി. ഇതിനിടെ മഞ്ജുവിനെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ദിപീല് കമലിനോട് ആവശ്യപ്പെട്ടതായും വിവാദമെത്തി. എന്നാല്‍ കമല്‍ ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനാ നേതാവായ ദിലീപിനെ നടി ആക്രമിക്കപ്പെട്ട വിവാദത്തില്‍ ന്യായീകരിച്ച് കമലെത്തിയത്. ഇതോടെ കമല്‍ ഗൂഡോലാചന വാദം തള്ളിക്കളയുകയാണെന്നും നിരീക്ഷണങ്ങളെത്തി.
പ്രത്യക്ഷത്തില്‍ മഞ്ജു വാര്യര്‍ എടുത്ത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. ഇതോടെ കമലിന്റെ ആമിയില്‍ അഭിനയിച്ച് പുലിവാല് പിടിക്കണമോ എന്ന ചോദ്യം പലരും മഞ്ജുവിനോട് ഉയര്‍ത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു ഉയര്‍ത്തിയ ഗൂഢാലോചനാ വാദത്തെ പോലും അംഗീകരിക്കാന്‍ കമല്‍ തയ്യാറാകുന്നില്ലെന്നും അതുകൊണ്ട് മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ കമലാസുരയ്യയിലേക്കുള്ള മാറ്റം വെള്ളിത്തിരയില്‍ അഭിനയിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് മഞ്ജുവിന് മുമ്പിലെത്തിയത്. ആമിയുടെ സിനിമയില്‍ ഔദ്യോഗിക കരാറില്‍ ഒപ്പിടാത്തതു കൊണ്ട് തന്നെ തീരുമാനം എടുക്കാന്‍ മഞ്ജുവിന് കഴിയും. അതുകൊണ്ട് തന്നെ ആമിയാകുന്നതില്‍ നിന്ന് മഞ്ജു പിന്മാറുമെന്ന സൂചനയും എത്തി. ഇത് പ്രതിസന്ധിയിലാക്കിയത് കമലിന്റെ ആമിയെന്ന സിനിമയെ കുറിച്ചുള്ള മോഹമാണ്.
വിദ്യാ ബാലന് പിന്നാലെ മഞ്ജു വാര്യരും പിന്മാറിയാല്‍ അത് കമലിന് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മനസ്സ് പൂര്‍ണ്ണമായും അനുകൂലമാക്കാനാണ് പുതിയ പ്രസ്താവനയുമായി കമല്‍ എത്തിയതെന്നാണ് സിനിമാ ലോകത്തെ സംസാരം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാദ്ധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമല്‍ ചൂണ്ടിക്കാട്ടി. നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണ്’- കമല്‍ ചൂണ്ടിക്കാട്ടി.
അതായത് തിയേറ്റര്‍ ഉടമാ സംഘടനയുടെ തലവനെ മാത്രമല്ല മുഖ്യമന്ത്രിയെ പോലും തള്ളിപ്പറയുന്ന നിലപാടിലേക്ക് കമലെത്തി. ഇത് ആദ്യമായാണ് സിനിമാ ലോകത്തെ പ്രമുഖന്‍ ഈ വിഷയത്തില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഗൂഢാലോചനാ വാദം തള്ളുന്നതിന് കാരണം മുഖ്യമന്ത്രിയുടെ നിലപാട് കാരണമെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനാ വാദത്തില്‍ ദിലീപിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രിയെ എതിര്‍ത്തുമുള്ള കമലിന്റെ പ്രസ്താവന സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. ആമിയില്‍ മഞ്ജു എത്തുമെന്ന് ഉറപ്പിക്കാനാണ് കമലിന്റെ ശ്രമമെന്നും ഇവര്‍ പറയുന്നു. കേസ് അന്വേഷണം ഒരു തരത്തിലും ദിലീപിന് എതിരേയാകില്ലെന്ന് ഉറപ്പാണ്. കേസ് പള്‍സര്‍ സുനിയില്‍ തന്നെ ഒതുങ്ങും. ഇതു കൂടി മനസ്സിലാക്കിയാണ് കമല്‍ കളം മാറുന്നതെന്നും സൂചനകള്‍ എത്തുന്നു.
ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ ഇപ്പോള്‍ പറയുന്നു. നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാടിനെതിരെയും കമല്‍ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാന്‍ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമല്‍ തുറന്നടിച്ചു. അങ്ങനെ മുമ്പ് പറഞ്ഞതെല്ലാം എല്ലാ അര്‍ത്ഥത്തിലും വിഴുങ്ങുകയാണ് കമല്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന അന്വേഷിക്കാത്തതില്‍ സിനിമാ ലോകത്തെ ഒരു വിഭാഗം കടുത്ത നിരാശയിലാണ്. ഇതാണ് കമല്‍ പങ്കുവച്ചതെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം. നടിക്ക് നീതി ലഭിക്കില്ലെന്ന പൊതു വികാരമാണ് സിനിമാ ലോകത്തുള്ളത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി മലക്കം മറിച്ചിലുകള്‍ മലയാള സിനിമയില്‍ ഉണ്ടായി. ഇതില്‍ മഞ്ജു മാത്രമാണ് ഉറച്ച നിലപാട് എടുത്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. മഞ്ജുവിന്റെ ആരോപണങ്ങള്‍ ലക്ഷ്യമിടുന്നത് ദിലീപിനെയാണെന്ന വാദം സജീവമായി. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതോടെ ദിലീപിന് എല്ലാ പിന്തുണയുമായി ആദ്യം എത്തിയത് കമല്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് മാദ്ധ്യമ വിചാരണ നേരിടുന്നുവെന്ന് കമല്‍ പറഞ്ഞിരുന്നു. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാദ്ധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാകേണ്ടെന്നും കമല്‍ പറഞ്ഞു. പള്‍സര്‍ സുനിയെ മാദ്ധ്യമങ്ങള്‍ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമല്‍ കുറ്റപ്പെടുത്തി . കൊച്ചിയില്‍ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഈ നിലപാട് എടുത്തത്.
ഇതോടെ സിനിമാ മേഖലയിലെ സമാവാക്യങ്ങള്‍ മാറി മറിഞ്ഞു. അതിനിടെ മഞ്ജു കമലിന്റെ ആമിയില്‍ നിന്ന് പിന്മാറിയെന്ന സൂചനയുമായി മംഗളം സിനിമയും രംഗത്തുവന്നു. ആമി എന്ന സിനിമ എടുക്കുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. കമലാ സുരയ്യയെ ആരും ചതിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണെന്നും മംഗളം സിനിമ കുറിച്ചു. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നില്‍ കാരണമെന്തെന്ന് അറിയില്ലെന്ന് കമല്‍ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തില്‍ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. ഇതിനൊപ്പം ആമിയില്‍ ഇസ്ലാം മത താല്‍പ്പര്യമാണ് കമല്‍ സംരക്ഷിക്കുന്നതെന്ന വാദവും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു കൂടി പിന്മാറിയാല്‍ ആമിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കമല്‍ നടിയെ ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനാ വാദം അംഗീകരിച്ച് ഇപ്പോള്‍ രംഗത്ത് വന്നതെന്നാണ് സൂചന.