തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ നടന്‍ ജയന്റെ ബന്ധുവാണെന്നുള്ള സീരിയല്‍ നടി ഉമ നായരുടെ അവകാശ വാദത്തിനെത്തുടര്‍ന്ന് വിവാദം കടുക്കുന്നു. താന്‍ ജയന്റെ അനിയന്റെ മകളാണെന്ന വാദവുമായി സീരിയല്‍ നടി ഉമ നായര്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ ആരംഭം. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുക്കവേയാണ് താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയത്. ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.
വിവാദത്തില്‍ പങ്കുചേര്‍ന്ന് ലക്ഷ്മി ശ്രീദേവിയുടെ സഹോദരനും സീരിയല്‍ നടനുമായ ആദിത്യനും രംഗത്തെത്തി. തന്റെ അനുജത്തിയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ആദിത്യന്‍ വീഡിയോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ തനിക്ക് ലഭിച്ചുവെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി. മഴവില്‍ മനോരമയുടെ ചാനല്‍ ഷോ കണ്ട് അനുജത്തി തന്നെ വിളിച്ചിരുന്നു. കുടുംബക്കാരും തന്നെ അറിയുമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. എന്നാല്‍, പണ്ട് എന്തോ ബന്ധമുണ്ടെന്ന് തിരക്കി വിളിച്ചിരുന്നു എന്ന് മറുപടി പറയേണ്ടി വന്നുവെന്നും ആദിത്യന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഉമ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കണം എന്നു തോന്നിയതു കൊണ്ടാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ അനുജത്തി ന്യൂസിലാന്‍ഡില്‍ വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. അവളുടെ വിവാഹത്തിന് എല്ലാ ബന്ധുക്കളും വന്നിരുന്നു. എന്നാല്‍, ഇവര്‍ അക്കൂട്ടത്തില്‍ ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. അവള്‍ക്ക് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ജയന്റെ അനുജന് മൂന്ന് മക്കളാണുള്ളത്. രണ്ടാണും ഒരു പെണ്ണും. കണ്ണന്‍, ആദിത്യന്‍, ലക്ഷ്മി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.
ലക്ഷ്മിയുടെ വീഡിയോ കണ്ട് ഉമ നായര്‍ തന്നെ വിളിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സൈറ്റില്‍ വച്ചാണ് ഉമയെ കണ്ടത്. അന്ന് അകന്ന ബന്ധുവാണെന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വല്ല്യച്ചനെന്ന് വില്‍ക്കാന്‍ മാത്രം അടുപ്പവും അവകാശവും ലക്ഷ്മിക്കും മക്കളായ തങ്ങള്‍ക്കും മാത്രമാണുള്ളതെന്നനും ആദിത്യന്‍ പറയുന്നു. അതേസമയം ഉമ നായരുടെ മറുപടി വീഡിയോ കണ്ട് അതിന് മറുപടിയുമായി ലക്ഷ്മി ശ്രീവേദിയും രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ വേണ്ടില്ല ആ പോസ്റ്റിട്ടത്. ഉമ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും അതിനെ അതിന്റെ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
തന്റെ അമ്മയുടെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് മറുപടി നല്‍കിയത്. ഉമയെ എനിക്ക് വ്യക്തിപരമായി അറിയില്ല. ലക്ഷ്മിയുടെ അമ്മയാണ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, ഇനി മാറ്റിപ്പറയുമോ എന്നറിയില്ല എന്നാണ് ഉമ വീഡിയോയില്‍ പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉമ അങ്ങനെയൊരു കാര്യം പറഞ്ഞതെന്ന കാര്യം അറിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഈ കുടുംബങ്ങളുമായി ബന്ധമില്ലെന്നും ഉമ വീഡിയോയില്‍ പറയുന്നുണ്ട്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം തട്ടിയെടുക്കുമോ എന്ന ഭയം കൊണ്ടാണെന്നും പറയുന്നു. എന്നാല്‍, എനിക്ക് അങ്ങനെയൊരു ഭയത്തിന്റെ കാര്യമില്ലെന്നും കാരണം എന്റെ വല്ല്യച്ഛനായതു കൊണ്ടാണ്. അതു പ്രൂവ് ചെയ്യാന്‍ വേണ്ടി എവിടെയും പോകേണ്ട കാര്യമില്ല. അകന്ന ബന്ധം ഉമയുമായി കാണുമായിരിക്കും. എന്നാല്‍ അക്കാര്യം കൃത്യമായി പറഞ്ഞാല്‍ മതി, അതിന് ക്ലാരിറ്റിയുണ്ടാകും.
ഞാന്‍ ചാനലിനെയും അവതാരികയെയും ആക്ഷേപിച്ചു എന്നു പറയുന്നു. എന്താണ് അതില്‍ പറയുന്നതെന്നും അവര്‍ ചോദിച്ചു. താന്‍ എന്റെ ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്. അല്ലാതെ ഏതെങ്കിലും ചാനലില്‍ പോയി ഇരുന്നല്ലെന്നും ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. ഇത് ലോകം മുഴുവന്‍ എത്താന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ല. ഉമയെ ഇന്‍സെല്‍ട്ട് ചെയ്തിട്ട് എനിക്ക് എന്തു കിട്ടാനാണ്. ഞാന്‍ സിനിമയിലേക്ക് ശ്രമിക്കുന്ന ആളല്ല. താന്‍ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ചിറ്റപ്പനുമായി സംസാരിച്ചാണ് പറഞ്ഞത്. അല്ലാതെ വെറുതെ പറഞ്ഞതല്ലെന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നു. ഒരുപാട് വല്ല്യച്ഛന്മാര്‍ തനിക്കില്ലാത്തതും കൊണ്ടാണ് ഞാന്‍ അവരുടെ പേരില്‍ അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.
നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍ സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നും ലക്ഷ്മി പറയുകയുണ്ടായി. ഇതുവരെ ഉമയെ താന്‍ കണ്ടിട്ടുപ്പോലുമില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി വീഡിയോയില്‍ ചോദിക്കുകയുണ്ടായി. വീഡിയോ സോഷ്യലല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ഉമ നായരും രംഗത്തെത്തി.
ലക്ഷ്മി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഉമ നായര്‍ രംഗത്തെത്തിയത്. ലക്ഷ്മിയുടെ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫേസ്ബുക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍ രംഗത്തെത്തിയത്. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.
ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താന്‍ മാനഷ്ടക്കേസിന് പോയാല്‍ കോടതിയില്‍ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞിരുന്നു.