സാന്‍ഡിയാഗോ: ബ്രസീലിന്‍െറ വേദന അവസാനിക്കുന്നില്ല. കഴിഞ്ഞ കോപയിലും ലോകകപ്പിലും നേരിട്ട ദുരന്തം ആവര്‍ത്തിച്ച് ബ്രസീല്‍ പരാഗ്വായോട് തോറ്റ് കോപ അമേരിക്കയില്‍ നിന്ന് പുറത്തായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അതീവ സമ്മര്‍ദ്ദം നേരിട്ട ബ്രസീല്‍ 4^3നാണ് പരാഗ്വായ് വെല്ലുവിളിക്കുമുമ്പില്‍ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനിലയില്‍ അവസാനിച്ച കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ലോകകപ്പിലേറ്റ വലിയ തോല്‍വിയുടെ വേദന വിട്ടുമാറുന്നതിന് മുമ്പെ കോപ്പ അമേരിക്കയിലും മോശം ഫുട്‌ബോള്‍ കാഴ്ച്ചവെച്ച് പടിയിറങ്ങുകയാണ് മഞ്ഞപ്പട. നെയ്മറില്ലാതെ കളിച്ച ബ്രസീലിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ച് അര്‍ഹിച്ച ജയം തന്നെയാണ് പരാഗ്വെ ഇന്ന് സ്വന്തമാക്കിയത്. കളിയുടെ തുടക്കത്തില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ തന്നെ അവര്‍ ഗോളും നേടി. വെറ്ററന്‍ താരം റൊബീഞ്ഞോയുടെ മിന്നും സ്‌കോറിംഗ്.
ഗോള്‍ നേടിയതോടെ ദുംഗയുടെ ബ്രസീല്‍ പ്രതിരോധത്തിലേക്കും പരാഗ്വെ ആക്രമണത്തിലേക്കും വഴിമാറി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ പരാഗ്വെ നഷ്ടപ്പെടുത്തി. ഒടുവില്‍ 69ആം മിനുട്ടില്‍ പെനല്‍റ്റി ബോക്‌സില്‍ വെച്ച് ബ്രസീലിന്റെ പ്രതിരോധതാരം തിയാഗോ സില്‍വയുടെകയ്യില്‍ പന്ത് തട്ടിയതിന് പരാഗ്വെക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഡേവിഡ് ഗോണ്‍സാലസിന് പിഴച്ചില്ല
പിന്നീട് ആര്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്. പകരക്കാരനായിറങ്ങിയ റിബെയ്‌റോ ബ്രസിലിന്റെ പ്രതീക്ഷകളെ ആദ്യം പുറത്തേക്കടിച്ചു. എന്നാല്‍ മൂന്നാം കിക്ക് പരാഗ്വെ ക്യാപ്റ്റന്‍ റോക്കി സാന്റാക്രൂസും പുറത്തേക്കടിച്ചതോടെ ബ്രസീല്‍ നിരയില്‍ വീണ്ടും പ്രതീക്ഷ. എന്നാല്‍ നാലാം കിക്ക് ഡഗ്ലസ് കോസ്റ്റയും പുറത്തേക്കടിച്ചതോടെ വീണ്ടും നിരാശ. ലക്ഷ്യം തെറ്റാതെ അവസാന കിക്കെടുത്ത ഡേവിഡ് ഗോണ്‍സാലസ് പരാഗ്വെയെ സെമിയിലേക്കും ബ്രസീല്‍ പുറത്തേക്കും നയിച്ചു.
കഴിഞ്ഞ തവണയും ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ച പരാഗ്വെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യംവെക്കുന്നത്. സെമിയില്‍ അര്‍ജന്റീനയാണ് പരാഗ്വെയുടെ എതിരാളികള്‍. ജൂണ്‍ 30ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍(ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന്) ചിലി പെറുവിനെ നേരിടും. അര്‍ജന്റീന പരാഗ്വേ സെമി ജൂലായ് ഒന്നിനാണ്. ലൂസേഴ്‌സ് ഫൈനല്‍ ജൂലായ് നാലിനും ഫൈനല്‍ ജൂലായ് അഞ്ചിനും നടക്കും. കലാശപോരാട്ടം ഇന്ത്യന്‍ സമയം 1.30(രാത്രി)നാണ് നടക്കുക.
സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലെ നാണക്കേടിനോളം വരില്ലെങ്കിലും സെമിയില്‍ പോലുമെത്താതെ നാണം കെട്ടുതന്നെയാണ് ബ്രസീല്‍ മടങ്ങുന്നത്. ലോകകപ്പിന് ശേഷം ബ്രസീലിന്റെ ആദ്യ ഔദ്യോഗിക ടൂര്‍ണമെന്റായിരുന്നു കോപ അമേരിക്ക.