കോട്ടയം: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മിക്ക പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ തീയേറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു.കൊറോണ വെെറസ് ബാധിതർ ചികിത്സയ്ക്കെത്തിയ ക്ലിനിക്ക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാൻ നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടർന്ന് ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. ചെങ്ങളം സ്വദേശികളെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 42 പേർ നിരീക്ഷണത്തിലാണ്. ഇവരെ ആലുവ താലൂക്കാശുപത്രിയിയിലുള്ള ഐസൊലേഷൻ വാർഡിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.
ഇറ്റലിയിൽ നിന്നെത്തുന്നവർ അവിടെ നിന്ന് കൊറോണ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്ന രേഖ കയ്യിൽ കരുതണമെന്ന് എയർപോർട് അതോറിറ്റി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഈ ഉത്തരവ് നടപ്പിലാകുന്നതിനു മുമ്പ് ഇറ്റലിയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ഇന്നലെ രാത്രി വിമാനത്താവളത്തിൽ എത്തിയത്. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കാനാണ് നിര്‍ദേശം. പ്രതികളെ കൊണ്ടു വരേണ്ടെന്നു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാവശ്യ നടപടികള്‍ വീഡിയോ കോൺഫറൻസ് വഴി നടത്താനാണ് തീരുമാനം. വെെറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.