കേരളത്തിൽ ഇന്ന് അഞ്ച് കൊവിഡ് മരണം..

തിരുവനന്തപരും: ആശങ്കയുണര്‍ത്തി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. ഇന്നലെ അര്‍ധരാത്രിയും ഇന്ന് പുലര്‍ച്ചയുമായി കൂടുതൽ പേര് കൊവിഡ് ബാധിച്ച് മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തർ വീതവുമാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72 വയസായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസം കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞതിന് പിന്നാലെയാണ് മരണം. 58 വയസുകാരനായ മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ മരിച്ചു. ഇദ്ദേഹം ശ്വാസകോശത്തിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 71 വയസുകാരനായ മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിൻകുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കേ മരിച്ചു. ഹൃദയ , വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

കലഞ്ഞൂർ സ്വദേശി രാമകൃഷ്ണപിളളയാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാൽ വാർഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.

Top