കൊറോണ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ.മരിച്ചവരുടെ എണ്ണം 18 ആയി

കണ്ണൂർ: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഇയാളുടെ മകന് നേരത്തെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മുഹമ്മദ്.മുഹമ്മദ് ഉൾപ്പെടെ മസ്ക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് ബുധനാഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

മസ്കത്തിലായിരുന്ന മുഹമ്മദ്‌ മെയ്‌ 22നാണ്‌ കുടുംബസമേതം നാട്ടിലെത്തിയത്‌. ഇരിട്ടിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിടെ മകന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ഇവർ താമസം കൂത്തുപറമ്പ്‌ വേങ്ങാട്ടേക്ക്‌ മാറ്റി. ഇവിടെനിന്നാണ്‌ മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്‌‌. ഭാര്യ: ആത്തിക്ക. മക്കൾ: സാദിഖ്‌, ഷെനീദ്‌, സജ്‌ന. മരുമകൻ: സിദ്ദിഖ്‌.

അതേസമയം ബുധനാഴ്‌ച സംസ്ഥാനത്ത്‌ 64 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 57 പേർക്ക്‌ രോഗം ഭേദമായി. രോഗികളിൽ 34 പേർ വിദേശത്തുനിന്നും 25 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്‌. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു–- തൃശൂർ, തിരുവനന്തപുരം–- രണ്ടുവീതം, കോഴിക്കോട്–- ഒന്ന്‌.
തൃശൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏഴിന്‌ മെഡിക്കൽ കോളേജിൽ മരിച്ച കുമാരനും (87) ഉൾപ്പെടും. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക്‌ അയച്ചിരുന്നു. ചൊവ്വാഴ്ചയാണ്‌ രോഗം സ്ഥിരീകരിച്ചുള്ള ഫലം വന്നത്‌. 905 പേർ ഇതുവരെ കോവിഡിൽനിന്ന്‌ മുക്തി നേടി. 1238 പേർ ചികിത്സയി-ലുണ്ട്‌. നിരീക്ഷണത്തിലുള്ളത്‌ 2,10,592 പേർ.

Top