ന്യുഡൽഹി:രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം പിന്നിട്ടു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയർന്നു.സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75)ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
തുടർച്ചയായ രണ്ട് ദിവസം വൻവർധന റിപ്പോർട്ട് ചെയ്ത ശേഷമാണ് പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടായത്. ആരോഗ്യമന്ത്രാലയം ഒടുവിലായി പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 62.53 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്.
ആകെ പോസിറ്റീവ് കേസുകൾ 1,155,191 ആയി. ഇതിൽ 50 ശതമാനവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ. 24 മണിക്കൂറിനിടെ 587 പേർ മരിച്ചു. ആകെ മരണം 28,084 ആയി. ഉത്തർപ്രദേശ്, തെലങ്കാന, അസം, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്നു. ഇന്നലെ 333,395 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷം കടന്നു.
അതേസമയം, 724,577 പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ രോഗമുക്തി നിരക്ക് 84.78 ശതമാനമായി ഉയർന്നു. മിസോറമിൽ 11 ബിഎസ്എഫ് ജവാന്മാർക്കും ഒരു കരസേനാ ജവാനും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്റെ ഭാര്യയ്ക്കും മകനും അടക്കം നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.