റോം: കില്ലർ വൈറസായ കൊറോണ ലോകത്തെ ഭയപ്പെടുത്തി മുന്നേറുകയാണ് . ലോക വ്യാപകമായി കൊവിഡ് 19 ബാധിച്ചുളള മരണ നിരക്ക് ഉയരുന്നു. ഇതുവരെ ലോകത്ത് കൊവിഡ് മരണം 41,000 കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു. 823,194 പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം നാലായിരത്തിന് മുകളിലാണ് ലോകത്താകെയുളള മരണ സംഖ്യ എന്നത് ഞെട്ടിക്കുന്നതാണ്. മരണക്കണക്കില്‍ ചൈനയേയും മറികടന്നാണ് അമേരിക്കയുടെ കുതിപ്പ്. കൊവിഡിന് തുടക്കമിട്ട ചൈനയില്‍ 3309 പേരാണ് മരിച്ചത് എങ്കില്‍ അമേരിക്കയില്‍ അത് 3402 പേര്‍ മരിച്ചു. മാത്രമല്ല ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതും അമേരിക്കയില്‍ തന്നെയാണ്. ഇതുവരെ 175067 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായിരിക്കുന്നത്.
കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇറ്റലിയിലാണ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 12,428 പേരാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. 1.05 ലക്ഷം പേര്‍ ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. സ്‌പെനിലും മരണ നിരക്ക് ഉയരുകയാണ്. സ്‌പെയിനില്‍ 94,000 പേരിലാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിക്ക് തൊട്ട് പിറകിലുളള സ്‌പെയിനില്‍ ഇതുവരെ 8269 പേരാണ് മരണപ്പെട്ടത്. ഫ്രാന്‍സിലും മരണനിരക്കില്‍ കുറവില്ല. ഇതുവരെ 3024 പേരാണ് കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ മരണത്തിന് കീഴടങ്ങിയത്. ഇറാനില്‍ 2898 പേരും മരണപ്പെട്ടു. ചൈനയില്‍ 82000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജര്‍മ്മനിയില്‍ 68,000 പേര്‍ക്കാണ് കൊവിഡുളളത്. മരണ നിരക്കും രോഗവ്യാപനവും ഉയരുന്നതിനിടെ ലോകത്ത് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയില്‍ 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 25 പേരാണ് മരിച്ചത്. 1900ത്തോളം ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 141 പേരാണ് മരിച്ചത്. ഇന്ന് ഇന്ത്യയിൽ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1397 ആയി ഉയര്‍ന്നു.