ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വിദേശത്ത് നിക്ഷേപമുള്ള എംഎൽഎമാരുടെ പട്ടികയുമായി മുന്നോട്ട്. സംസ്ഥാനത്തെ ഇരുപത്തിയഞ്ചോളം എംഎൽഎമാർക്ക് എൻആർഐ സ്റ്റാറ്റസും ഗൾഫ് രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു നാരദാ ന്യൂസാണ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. യുഎഇ ഉൾപ്പെടുന്ന അറബ് രാജ്യങ്ങളിൽ സംസ്ഥാനത്തെ എംഎൽഎമാരുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വിവരം. മുസ്ലിംലീഗ് നേതാക്കളിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പല വമ്പൻ അഴിമതികളുടെയും കോഴപ്പണം ഗൾഫ് കേന്ദ്രീകരിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുട്ടിയുമുൾപ്പെടെയുള്ള ലീഗ് മന്ത്രിമാർക്കെതിരെ ഇത്തരം വെളിപ്പെടുത്തലുകൾ മുമ്പും ഉയർന്നിരുന്നു. ടൈറ്റാനിയം അഴിമതിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിഹിതമായ നാലുകോടി രൂപ അദ്ദേഹത്തിന്റെ മരുമകൻ സുൽഫിക്കറിന് ദുബായിലാണ് കൈമാറിയത് എന്ന് റൌഫ് മൊഴി നൽകിയിരുന്നു. പല പ്രമുഖർക്കും ദുബായ് കേന്ദ്രീകരിച്ച് നിക്ഷേപങ്ങളോ ബിസിനസ് പാർട്ട്ണർഷിപ്പോ ഉള്ളതായി ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്.
അറബ് രാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്ന എംഎൽഎമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരു ഭരണകക്ഷി എംഎൽഎ തെ രഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകൾ പ്രകാരം നാൽപത്തിയഞ്ച് കോടിയിൽ അധികമാണ് ആസ്തി. എന്നാൽ ഇതിന്റെ എത്രയോ മടങ്ങ് ആസ്തി അദ്ദേഹത്തിന് ഗൾഫിലുണ്ട്. ഏതാണ്ട് 2000 കോടിയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ആലപ്പുഴയിൽ പലാസ് റിസോർട്ട്, ഹൌസ് ബോട്ടുകൾ, കുവൈറ്റിലെ ഹോട്ട് ബ്രെഡ് റസ്റ്റോറന്റ് ശൃംഖല, കുവൈറ്റ്, സൗദി എന്നി രാജ്യങ്ങളിലെ ഇന്ത്യൻ ഹൈസ്‌കൂളുകൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ബിസിനസ്സിൽ ചിലത് മാത്രമാണെന്നുള്ളതാണ് സത്യം.
വിദേശബാങ്കുകൾ റിസർവ്വ് ബാങ്കിന്റെ അധികാരപരിധിയിൽ ഉൾപ്പെടാത്തതിനാൽ സുരക്ഷിതമാർഗ്ഗമെന്ന നിലയിലാണ് യുഎഇ ബാങ്കുകളെ നിക്ഷേപങ്ങൾക്കായി ഇത്തരക്കാർ ആശ്രയിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങളില്ലാതെ ഈ ബാങ്കുകളിൽ നിന്നും വിവരങ്ങൾ ലഭിക്കില്ല എന്നുള്ളതും ഇവിടെ പണം നിക്ഷേപിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാറുണ്ട്.
റസിഡൻസ് വിസ അല്ലെങ്കിൽ ഇൻവെസ്റ്റർ വിസ ഉള്ള ആർക്കു വേണമെനിലും ദുബായിൽ ബാങ്ക് അക്കൌണ്ട് തുടങ്ങാൻ സാധിക്കുമെന്നുള്ളതും നിക്ഷേപകരെ പ്രലോഭിപ്പിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ നിന്നും അറബ് ഖേലയിലേക്ക് നിക്ഷേപങ്ങളുടെ അപ്രതീക്ഷിത കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. പല ജനപ്രതിനിധികളും തങ്ങളുടെ ഇത്തരത്തിലുള്ള സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതും വിജിലൻസ് ഗൗരവത്തോടെയാണ് കാണുന്നത്.