ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനേയും 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പൊലീസ്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റിനൊരുങ്ങുന്നത്.
ഹാഫിസ് സയീദ് അടക്കമുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പോലീസ് വക്താവ് നിയാബ് ഹൈദര്‍ നഖ്വി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍, നീക്കം മുഖംമിനുക്കല്‍ നടപടി മാത്രമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് വൈകുന്നത് എന്താണെന്ന വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഭീകരവാദികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
ഉന്നത തലത്തില്‍നിന്നുള്ള അനുമതിക്കായി പോലീസ് കാത്തിരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ പ്രമുഖര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അനുമതി ലഭിച്ചാലുടന്‍ ഹാഫിസ് സയീദിന്റെ വസതി പോലീയ് റെയ്ഡ് ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്താനിലെ പോലീസ് ഒരുങ്ങുന്നതെന്നാണ് സൂചന.
ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ പറയുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമ്പോള്‍ പാകിസ്താന്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പതിവ്. രാജ്യാന്തര സമൂഹത്തിന്റെ വികാരം മാനിക്കാന്‍ പാകിസ്താന്‍ തയ്യാറാകണം. ഇരട്ടത്താപ്പ് സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടും ഭീകരവാദി നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സയീദിനെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ കഴിഞ്ഞദിവസം തയ്യാറായിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരവാദി നേതാക്കളെ പാകിസ്താന്‍ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.