ഹുറിയത്ത് നേതാക്കള്‍ പാക് എംബസ്സി ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നു എന്ന് എന്‍ഐഎ

ശാലിനി (ഹെറാൾഡ് സ്‌പെഷ്യൽ )

ന്യൂ ഡല്‍ഹി: ഹുറിയത്ത് നേതാക്കള്‍ പാക് എംബസി ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഇന്ത്യക്കെതിരായി യുദ്ധം ചെയ്യുന്നു എന്ന് ദേശീയ അന്വേഷണ ഏജന്‍സി . മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹഫീസ് സയീദ്‌, ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയീദ്‌ സലാവുദ്ധീന്‍, ഹുറിയത്ത് നേതാക്കള്‍ എന്നിവര്‍ അടക്കം 12 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ ഐ എ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.12794 പേജുള്ള കുറ്റപത്രത്തില്‍ യുഎപിഎ വകുപ്പുകളും ഗൂഡാലോചന കുറ്റവും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാന്‍ നേതാക്കള്‍ ഇന്ത്യക്ക് മേല്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായി അവരുടെ പിന്തുണയോടെ ഹഫീസ് സയീദും സലാവുദ്ധീനും കാശ്മീരില്‍ ഇന്ത്യ വിരുദ്ധ കലാപം അഴിച്ചു വിടുന്നു. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാനാണ് ഇവരുടെ ശ്രമം. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹുറിയത്ത് നേതാക്കള്‍ക്ക് ഹവാലപണം ലഭിക്കുന്നുണ്ട്. കാശ്മീരിലെ സമാധാന ജീവിതം നശിപ്പിക്കാനും അവിടത്തെ പൊതുമുതല്‍ നശിപ്പിക്കാനും ഇന്ത്യ വിരുദ്ധ റാലികള്‍ സംഘടിപ്പിക്കാനുമാണ് ഈ പണം ഉപയോഗിക്കുന്നത് . ജമ്മു കാഷ്മീര്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ 60 ഓളം സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത തെളിവുകളും 300 ഓളം പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉണ്ട്.

ഇത്രയും തെളിവുള്ള സാഹചര്യത്തില്‍ തുടരന്വേഷണം അനുവദിക്കണം എന്നും എന്‍ ഐ എ കോടതിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഈ മാസം 30 നു വിധി പറയും. അല്‍താഫ് അഹമ്മദ് ഷാ, ബഷീര്‍ അഹമ്മദ് ഭട്ട്, അഫ്താബ് അഹമ്മദ് ഷാ, മുഹമ്മദ്‌ അക്ബര്‍ ഖാണ്ടേ,രാജ മേഹ്രാജുദ്ധീന്‍ കല്‍വല്‍ തുടങ്ങിയ ഹുറിയത്ത് നേതാക്കളെ ആണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ ഫാറൂഖ് അഹമ്മദ് ധാര്‍,വിഘടനവാദി നേതാവ് നയീം അഹമ്മദ് ഖാന്‍,ബിസിനസുകാരന്‍ സഹൂര്‍ അഹമ്മദ് ഷാ വതലി , കാശ്മീരില്‍ ഇന്ത്യന്‍ സേനക്ക് നേരെ കല്ലെറിഞ്ഞ പത്രപ്രവര്‍ത്തകന്‍ കമ്രാന്‍ യുസഫ്, ജാവേദ് അഹമ്മദ് ഭട്ട് എന്നിവരാണ് മറ്റുള്ളവര്‍.

പാക് എംബസി ഉദ്യോഗസ്ഥര്‍ വഴിയാണ് താഴ്വരയില്‍ പണമൊഴുക്കി അശാന്തി സൃഷ്ടിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ വിഘടനവാദികളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട് എങ്കിലും ഉദ്യോഗസ്ഥരുടെ പേരുകള്‍ അതിലില്ല. അതിര്‍ത്തി കടന്നു വ്യാപാരം നടത്തുന്ന സഹൂര്‍ അഹമ്മദ് വതലി യാണ് ഇവരുടെ മധ്യസ്ഥന്‍ എന്നും സയീദ്‌ നെയും സലാവുദ്ധീനെയും അവരെ നിയന്ത്രിക്കുന്ന പാക് പ്രതിനിധിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഹുറിയത്ത് നേതാക്കള്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മത നേതാക്കളിലൂടെയും പുറത്തു വിടുന്ന പ്രതിഷേധ കലണ്ടറിലൂടെ ജനങ്ങളുമായി അവര്‍ സംവദിക്കുന്നുണ്ട് എന്നും എന്‍ ഐ എ പറയുന്നു.

Top