ചൈനയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. പുതിയ വകഭേദമായ ബിഎഫ്.7 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജനം. കൊവിഡിനെ പ്രതിരോധിക്കാൻ ആളുകൾ വീണ്ടും മാസ്കും പിപിഐ കിറ്റുമെല്ലാം ധരിച്ച് കൊണ്ടാണ് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത്.
സ്വന്തം നിലയ്ക്കുള്ള ‘രക്ഷാകവചങ്ങളും’ ആളുകൾ പരീക്ഷിക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അടിമുടി മൂടുന്ന പ്ലാസ്റ്റിക് കവറിൽ കയറി നടക്കുന്ന ദമ്പതികളുടേതാണ് വീഡിയോ. ചൈനീസ് മാധ്യമമായ പീപ്പിൾസ് ഡെയ്ലി വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ ദമ്പതികളാണ് ‘കവറിനുള്ളിൽ’ കയറി നടക്കുന്നത്. വളരെ ശ്രദ്ധയോടെയാണ് ദമ്പതികൾ നടക്കുന്നതും സാധനങ്ങൾ വാങ്ങുന്നതുമെന്ന് വീഡിയോയിൽ കാണാം. പച്ചക്കറി വാങ്ങാൻ പണമെടുക്കുന്നതും അത് കടക്കാരിക്ക് നൽകുന്നതുമെല്ലാം അതീവ ജാഗ്രതയോടെയാണ്. ആളുകളുടെ ആശങ്കയാണ് വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.
അതിരൂക്ഷമായ സാഹചര്യത്തിലൂടെ ചൈന കടന്ന് പോകുന്നത്. ആശുപത്രികൾ പലതും രോഗികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ കെട്ടികിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം എത്ര പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നോ മരിച്ചിട്ടുണ്ടെന്നോ ഉള്ള ഔദ്യോഗിക കണക്കുകളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല. ചൈനയിൽ കൊവിഡ് രൂക്ഷമായതോടെ ലോകം കനത്ത ജാഗ്രതയിലാണ്.