സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നു. ഓരോ ദിവസവും തൊട്ട് മുൻപത്തെ ദിവസത്തെ അപേക്ഷിച്ച് 5000ത്തോളം കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമേകുന്നുണ്ട്.
24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34,703 പേർക്കാണ്. ഇതോടൊപ്പം 553 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്നലെയുണ്ടായത്. രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകൾ.
രാജ്യത്ത് ഇതുവരെ 3,06,19,932 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,03,281 മരണങ്ങളാണ് കൊവിഡിനെ തുടർന്നുണ്ടായത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളിൽ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആർ.
അതേ സമയം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.സംസ്ഥാനത്ത് ടി പി ആർ പത്തിന് മുകളിൽ തന്നെ തുടരുകയാണ്.