ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7974 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി. 7948 പേർ രോഗമുക്തി നേടി. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
മുൻപുള്ള ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 343 പേർ മരിച്ചു. ഇതോടെ ആകെ മരണം 4,76,478 ആയി.
അതേസമയം, സംസ്ഥാനത്ത് നാലുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ.
വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം നടത്തിയിട്ടുണ്ടെന്നും കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.