തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്‍റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. വാക്സിൻ പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്.
രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക.നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് ഡ്രൈ റൺ നടത്തുക. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.