കേരളം സമൂഹ വ്യാപനത്തിന്റെ വക്കില്‍.ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഗുരുതരമായ രീതിയിലേക്കു മാറിയതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കോവിഡ് പോസിറ്റീവ് ആയവരിൽ 23 പേരാണ് ഉറവിടം അറിയാതെ രോഗബാധിതരായത്.

കണ്ണൂരിലെ റിമാന്‍റ് പ്രതികൾ, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, ചക്ക വീണ് ചികിത്സ തേടിയ കാസർഗോഡ് സ്വദേശി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതി. ഇടുക്കിയിലെ ബേക്കറി ഉടമ, തുടങ്ങി കോവിഡ് മൂന്നാംഘട്ട വ്യാപനത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഉയരുകയാണ്. ഇവരില്‍ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണവും കൂടുകയാണ്. കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ കോവിഡ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന് പകര്‍ന്നത് പതിനൊന്ന് പേര്‍ക്കാണ്.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത് . ഈ സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് സൂചന. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സമൂഹ വ്യാപനത്തിന്റെ വക്കില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും കരുതലും കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണം. ചെറിയ തരത്തിലുള്ള ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ പോലും അനുവദിക്കുന്നതു രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമാണ്. ജനങ്ങള്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങളിലും,കടകളിലും എത്തിതുടങ്ങിയിട്ടുണ്ട്. മാളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇളവുകള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതു എന്നാണ് റിപ്പോര്‍ട്ടുകള്‍ . ഷോപ്പിങ്ങ് മാളുകളിലേക്ക് പ്രവേശനനിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അശ്രദ്ധയോടെയാണ് ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ആഘോഷപരിപാടികളിലും നിയന്ത്രണങ്ങള്‍ പതുക്കെ ഇല്ലാതായി വരുന്നതായാണ് സൂചന. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ച ആളുകളും പുറത്തിറങ്ങി നടക്കുന്നതായുള്ള പരാതിയും നിരവധിയാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കര്‍ശനമായ നടപടികള്‍ക്ക് നേരത്തെ തന്നെ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Top