മൂന്നാം ഘട്ടം കൂടുതൽ അപകടകരം: മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ പോരാടാം:മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കൂടുതൽ അപകടകരമായിരിക്കും കോവിഡ് മൂന്നാം ഘട്ടമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.കോവിഡ് 19ന്റെ മൂന്നാം വരവ് നേരിടുന്ന കേരളം അതീവശ്രദ്ധ വേണ്ട ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യത്തെ രണ്ട് ഘട്ടത്തെക്കാൾ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. മറ്റ് രാജ്യങ്ങളിൽ വൈറസ് ബാധ കൂടിക്കൊണ്ടേയിരിക്കുകയാണ് എന്നതും ഇന്ത്യയിലേക്കും കേരളത്തിലേക്കും അത്തരം പ്രദേശങ്ങളിൽനിന്നുള്ള വരവ് കൂടുന്നു എന്നതും ഉൽക്കണ്ഠ ഉളവാക്കുന്ന കാര്യമാണ് മന്ത്രി പ്രതികരിച്ചു.

സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.​ക്വാറന്‍റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല. കേരളം ഒറ്റക്കെട്ടായി പോരാടണം. കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും ശൈലജ ടീച്ചർ പറയുന്നു.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

നമ്മുടെ പൊതുജനാരോഗ്യ മേഖലയിലെ ജനകീയതയും സമയോചിതമായ ആസൂത്രണങ്ങളും ലോകംതന്നെ വീക്ഷിക്കുന്ന മാതൃകയാണ്. എന്നാൽ, വൈറസിന്റെ ഈ മൂന്നാം വരവ് നേരിടുക അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കണം. ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പതിയേണ്ടത് എളുപ്പത്തിൽ രോഗം പകരാൻ സാധ്യതയുള്ളതും രോഗമുണ്ടായാൽ മരണസാധ്യത കൂടുതൽ ഉണ്ടാകാനും സാധ്യതയുള്ള വിഭാഗത്തെയാണ്.

റിവേഴ്സ് ക്വാറന്റൈൻ എന്ന പേരിൽ പ്രായം ചെന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ ഭിന്നശേഷിക്കാർ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ കൊറോണബാധിത മേഖലകളിൽനിന്ന് വരുന്നവരിൽനിന്ന് പൂർണമായി മാറ്റിനിർത്തുന്നതിനും സമ്പർക്കം ഒഴിവാക്കുന്നതിനും വലിയ പദ്ധതിതന്നെ തയ്യാറാക്കിയിട്ടുണ്ട്. കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഈ കാര്യം ദൈനംദിനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ആരോഗ്യവകുപ്പിന്റെ എൻസിഡി വിഭാഗത്തെ ഉപയോഗപ്പെടുത്തി മരുന്നുകൾ വീട്ടിൽ എത്തിക്കുന്ന പ്ലാനുകൾ നേരത്തേ തുടങ്ങിയിരുന്നതുകൊണ്ടാണ് ലോക്ക്ഡൗൺകാലത്തുപോലും വലിയ പ്രശ്നങ്ങളില്ലാതെ രക്ഷപ്പെടാൻ നമുക്ക് കഴിഞ്ഞത്. മരുന്ന് എത്തിക്കാൻ പൊലീസ്, ഫയർഫോഴ്സ് എന്നിവയുടെ പ്രവർത്തനങ്ങളും ഏറെ സഹായകരമായി. ഐഎംഎപോലുള്ള സംഘടനകളുടെ സഹായത്തോടെ ടെലി മെഡിസിൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും ശ്രദ്ധേയമാണ്.

കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കർശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികൾ നടത്താൻ നിർബന്ധിതനാണ് ഓരോരുത്തരുമെന്ന് മറന്നുപോകരുത്. രോഗപ്പകർച്ചയുടെ കണ്ണിപൊട്ടിക്കുക എന്ന ക്യാമ്പയിൻ (ബ്രേക്ക് ദ ചെയിൻ) കൂടുതൽ ശക്തമായി ഏറ്റെടുക്കണം.

ഇതിനിടയിൽ ചിലർ അപ്രായോഗികമായ കാര്യങ്ങൾ പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സ്വാഭാവികമായും സംഭവിക്കാവുന്ന ചെറിയ പോരായ്മകൾപോലും പർവതീകരിച്ച് പ്രചരിക്കുന്നതും വലിയ അപകടംചെയ്യും. കൊറോണയുടെ ഈ മൂന്നാം വരവിനേയും നാം നേരിടും. ഈ യുദ്ധത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന നൂറുകണക്കിന് മനുഷ്യർക്ക് നാം പിന്തുണ നൽകണം. ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ പോരാട്ടം തുടരാം.

വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളിൽനിന്നാണ് ഇപ്പോൾ ആളുകൾ വരുന്നു എന്നത് പകർച്ച കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണങ്ങളും അനുദിനം വർധിക്കുന്നു എന്നതും ആശങ്കയുളവാക്കുന്നുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ വരുമ്പോൾ നമുക്ക് അവരെ സ്വീകരിച്ചേ മതിയാകുകയുള്ളൂ. എന്നാൽ, കിട്ടാവുന്ന വാഹനങ്ങളിലൂടെയും വഴികളിലൂടെയും അനിയന്ത്രിതമായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരുന്നത് അതീവ ഗുരുതരമായ പ്രതിസന്ധിക്കിടയാക്കും.

അതുകൊണ്ടുതന്നെ ഈ വരവിന് ചില മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും കര, കടൽ, വ്യോമ മാർഗത്തിൽ വരുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ഒരു ദിവസം പരമാവധി പരിശോധിക്കാവുന്നവരുടെ എണ്ണം അനുസരിച്ച് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെയും വളന്റിയർമാരുടെയും പ്രവർത്തനം ക്രമീകരിക്കുകയും ചെയ്താണ് ഈ കാര്യം നടത്തുന്നത്.

അതിർത്തിയിൽ പാസില്ലാതെ ആയിരങ്ങൾ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എല്ലാവരും മനസ്സിലാക്കണം. ആയിരക്കണക്കിന് ആളുകളെ വീടുകളിലും സ്ഥാപനങ്ങളിലുമായി നീരീക്ഷണത്തിൽ വയ്ക്കുമ്പോൾ അവരെയാകെ ശ്രദ്ധിക്കുന്നതിനും മറ്റ് കൊറോണേതര രോഗങ്ങളുടെ കാര്യത്തിലുള്ള ദൈനംദിന കൃത്യനിർവഹണത്തിനും എത്ര ആളുകളെ നിശ്ചയിച്ചാലും തികയാത്ത അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

Top