രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകൾ; 95 മരണം.മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്.

ന്യുഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,662 ആയി ഉയർന്നു. 95 മരണങ്ങളും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,981 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍. ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഉജ്ജയിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 220ല്‍ 43 പേരും മരിച്ചു.രോഗികളില്‍ അഞ്ചിലൊരാള്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. മതിയായ ആശുപത്രി സൗകര്യമില്ല. കൊവിഡ് പരിശോധന ആരംഭിച്ചത് ഏറെ വൈകിയുമാണ്.


മാര്‍ച്ച് 22ന് ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉജ്ജയിനില്‍ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത് ഏപ്രില്‍ 30ന് മാത്രമാണ്. അതുവരെ ഭോപ്പാല്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പരിശോധനാ സാമ്പിള്‍ അയച്ചു.ഇപ്പോള്‍ പരിശോധന നടക്കുന്ന ആര്‍ഡി ഗാര്‍ഡി കോളേജില്‍ ഒരു ദിവസം ടെസ്റ്റ് ചെയ്യുന്നത് വെറും 50 സാമ്പിളുകളാണ്.

വെള്ളിയാഴ്ച വൈകുന്നേരം വരെ ടെസ്റ്റ് ചെയ്തത് വെറും 4087 സാമ്പിളുകള്‍ മാത്രം. രോഗികളുടെ എണ്ണത്തിലും മരണത്തിലും മുംബൈ, ദില്ലി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങള്‍ മുന്നിലാണെങ്കിലും ഇവിടങ്ങളില്‍ മരണനിരക്ക് ഇത്രയധികമില്ല. മുംബൈ: 3.91%, ദില്ലി: 1.08%, അഹമ്മദാബാദ്: 6.29% എന്നിങ്ങനെയാണ്.

അതേസമയം  വിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ തൊഴിലാളികളെ മടക്കി കൊണ്ടുവരാന്‍ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി പശ്ചിമ ബംഗാൾ. മറ്റ് സംസ്ഥാനങ്ങൾ പലതും തൊഴിലാളികളെ തിരികെയെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടും പശ്ചിമ ബംഗാൾ സർക്കാർ ഇതിന് തയ്യാറാകാത്തത് വിമർശനങ്ങൾ ഉയർത്തിയിരുന്നു.തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ട്രെയിൻ ഗതാഗതം അനുവദിക്കാത്തത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു ഷാ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ മടക്കിയെത്തിക്കാൻ എട്ട് സ്പെഷ്യൽ ട്രെയിൻ സര്‍വീസുകൾക്ക് സർക്കാർ അനുമതി നൽകിയത്.

Top