ഖൊരക്പുര്‍: വിദേശയിനം പശുക്കളുടെ പാല്‍ മനുഷ്യരില്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുമെന്ന വാദവുമായി ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്. വിദേശയിനം പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്നും, അതിനാല്‍ നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗവര്‍ണറുടെ ഉപദേശം. നല്ല ആരോഗ്യമുണ്ടാകാന്‍ നാടന്‍ പശുവിന്റെ പാല്‍ വേണം കുടിക്കാന്‍. വിദേശ ഇനങ്ങളില്‍പ്പെട്ട എച്ച്. എഫ്, ജഴ്‌സി പശുക്കളുടെ പാല്‍ മനുഷ്യന് ദോഷകരമാണ്. ‘സനാതന ഹിന്ദു ധര്‍മത്തില്‍ പശുക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഗോരഖ്‌നാഥ്;ക്ഷേത്രത്തിലെ മുന്‍ മുഖ്യപുരോഹിതരായ ദിഗ്‌വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴത്തെ മുഖ്യപുരോഹിതനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നടന്‍ പശുക്കളുടെ ചാണകത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാം. എന്നാല്‍ എച്ച്.എഫ്, ജെഴ്‌സി ഇനത്തില്‍പ്പെട്ട 20 പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരേക്കര്‍ സ്ഥലത്തെ കാര്‍ഷികാവശ്യങ്ങള്‍ മാത്രമാണ് നിറവേറ്റാനാകുക എന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തില്‍ മൂന്നു യൂണിവേഴ്‌സിറ്റികളിലായി നടന്ന പഠനത്തില്‍ നാടന്‍ പശുക്കളുടെ ചാണകത്തിലുള്ള സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശ ഇനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ടു മുതല്‍ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാല്‍ വിദേശ ഇനങ്ങളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നിര്‍മിക്കുന്ന ജീവ് അമൃത് എന്ന ജൈവ വളത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് 300 പശുക്കളുള്ള തന്റെ ഫാമില്‍ രൂപപ്പെടുത്തുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്തതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വളം മണ്ണിന്റെ ജൈവികത വര്‍ധിപ്പിക്കുമെന്നും മണ്ണിരകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാര്യ ദേവവ്രതിന്റെ കണ്ടുപിടിത്തം കര്‍ഷകരെ പരിശീലിപ്പിക്കുന്നതിന് 25 കോടിയുടെ പദ്ധതി ഹരിയാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.