ഹരിയാനയില്‍ പശുക്കള്‍ക്കായി കണ്‍ട്രോള്‍ റൂം; കടത്തുന്നതോ കൊല്ലുന്നതോ പോലുള്ള സംഭവങ്ങള്‍ അറിയിക്കാം

ചണ്ഡിഗഢ്: പശുക്കള്‍ക്കും ഇപ്പോള്‍ 24മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ട്. ഹരിയാനയിലാണ് പശുക്കള്‍ക്കായി കണ്‍ട്രോള്‍ റൂമുള്ളത്. പശുക്കളെ കടത്തുന്നതോ കൊല്ലുന്നതോ പോലുള്ള സംഭവങ്ങള്‍ അറിയിക്കാനാണ് കണ്‍ട്രോള്‍ റൂം.

ഈ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. അവര്‍ പ്രദേശത്തേക്ക് പ്രത്യേക സംഘങ്ങളെ അയയ്ക്കും. പശുക്കടത്തു തടയുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു പരിശോധന നടത്തുമെന്ന് ഹരിയാന ഡിജിപി കെ.പി.സിങ് അറിയിച്ചു.

ഹരിയാന ഗോവംശ സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ഇതനുസരിച്ച് പശുക്കടത്തു നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. പശുക്കളെ കടത്തുന്നത് ഹരിയാനയില്‍ വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞദിവസം ഫരീദാബാദില്‍ പശുക്കളെ കടത്തിയവരെ ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ ചാണകം കഴിപ്പിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു.

Latest
Widgets Magazine