കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയ ബജ്‌റംഗ്‌ ദള്‍ പ്രവര്‍ത്തകര്‍ ഡ്രൈവറെ തല്ലിക്കൊന്നു

ഷിംല : ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന്‌ ആരോപിച്ച്‌ ഗൃഹനാഥനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും വീണ്ടും ബീഫ് വിവാദം . കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയ ബജ്‌റംഗ്‌ ദള്‍ പ്രവര്‍ത്തകര്‍ ഡ്രൈവറായ യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശുകാരനായ യുവാവാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌.
കന്നുകാലിക്കടത്ത്‌ നടത്തിയെന്ന്‌ ആരോപിച്ചാണ്‌ യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്‌. നുമാന്‍ എന്ന യുവാവിനെയാണ്‌ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്‌. ട്രക്കിനുള്ളില്‍ കന്നുകാലികളെ കണ്ടതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ വാഹനം തടയുകയും വാഹനത്തില്‍ നിന്നും യുവാവിനെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നുവെന്ന്‌ ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. അവശനിലയലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ ഗോവധ നിയമപ്രകാരം കേസെടുത്ത പോലീസ്‌ ബജ്‌റംഗ്‌ ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകകുറ്റത്തിന്‌ കേസെടുത്തു.

Top