തിരുവനന്തപുരം: ശബരിമല വിവാദം കത്തിനിന്നപ്പോൾ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി. യുവതീ പ്രവേശനത്തിന് അനുകൂലമായി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിനാണ് സമിതി രൂപീകരിച്ചതെങ്കിലും യുവതീ പ്രവേശനത്തെ എതിർക്കുന്നവരും ഇതിൽ അംഗങ്ങളായിരുന്നു. സമിതി ഇപ്പോൾ അടിച്ച് പിരിയലിൻ്റെ വക്കിലാണ്.
ഹിന്ദു പാർലമെൻ്റെ അംഗമായ സിപി സുഗതനാണ് സമിതിയിലെ അസ്വാരസ്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. സമിതിയിൽ അംഗമായിരിക്കേ തൻ്റെ പഴയകാല പ്രസ്താവനകളുടെ പേരിൽ നിരവധി വിവാദങ്ങളുണ്ടാക്കിയ ആളാണ് സിപി സുഗതൻ. നവോത്ഥാന സമിതിയിൽ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാർലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാർലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാർലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങൾക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയിൽ തുടരാൻ തടസ്സമുണ്ടാവില്ലെന്നും അംഗസംഘടനകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി.
എന്നാൽ സമിതിയിൽ നിന്ന് പിന്മാറാനുള്ള ഹിന്ദു പാർലമെന്റ് തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഒരു സുഗതൻ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും നവോത്ഥാന സമിതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗതന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അത് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർപ്രവർത്തനത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും കൺവീനർ പുന്നല ശ്രീകുമാർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
സമിതിയിൽ നിന്നും പിന്മാറാനുള്ള തീരുമാനം അറിയിച്ച ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽസെക്രട്ടറിയും നവോത്ഥാനസമിതി വൈസ് ചെയർമാനുമായ സി.പി. സുഗതനെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സുഗതൻ കടലാസ് പുലിയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹത്തിന് പാർലമെന്ററി വ്യോമോഹങ്ങളാണെന്നും കൂട്ടിച്ചേർത്തു. ഒരു സുഗതൻ പോയത് കൊണ്ട് ഒന്നുമാകില്ല. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടുകളില്ല. രാഷ്ട്രീയമില്ലാത്തതിന്റെ പേരിലാണ് നിലപാടുകളില്ലെന്ന വിമർശനം ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ രൂപീകരണയോഗത്തിൽ ഹിന്ദു പാർലമെന്റിനെ പ്രതിനിധീകരിച്ച് 94 സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാടുകളെ പുതിയ സർക്കുലറിൽ തള്ളിപ്പറഞ്ഞിട്ടില്ല. കൺവീനർ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമർശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നൽകിയ നേതാവ് കൂടിയാണ് സുഗതൻ. പിന്നീടാണ് അദ്ദേഹം നിലപാടിൽ മാറ്റം വരുത്തി നവോത്ഥാനസമിതിയുമായി ചേർന്നത്. വനിതാമതിലിലും സജീവ പങ്കാളിയായി.
വനിതാമതിൽ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാർലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകൾ നവോത്ഥാനസംരക്ഷണസമിതിയിൽ നിന്ന് പിന്മാറിയതാണെന്ന് സർക്കുലറിൽ പറയുന്നു. നവോത്ഥാന സംരക്ഷണസമിതിയുടെ തുടർപ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്ന് കാണുന്നു. പ്രവർത്തിക്കാൻ താല്പര്യമുള്ള മുന്നാക്കസമുദായങ്ങളെയൊന്നും ഇതിൽ അടുപ്പിക്കുന്നില്ല. ജില്ലാതല പ്രവർത്തനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ സമിതി രൂപീകരണസമയത്ത് പങ്കെടുത്ത പ്രമുഖ ഹിന്ദു പാർലമെന്റ് അംഗ സമുദായപ്രാതിനിദ്ധ്യമില്ല. അവർക്ക് പകരം ചില സമുദായ സ്‌പ്ലിന്റർ ഗ്രൂപ്പുകൾ സമിതിയെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് വന്നിരിക്കുന്നു. അതുപോലെ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ചരിത്രമായി കാണുകയും ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് ചരിത്രനിഷേധമാണ്. അതാണിപ്പോൾ സമിതിയുടെ ചില ഭാരവാഹികൾ മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് എന്നും സർക്കുലറിൽ കുറ്റപ്പെടുത്തി.
സമിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സർക്കാരും കൈക്കൊള്ളുന്ന നിലപാടുകൾക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുഗതനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരാണ് സാമൂഹ്യനവോത്ഥാനം സൃഷ്ടിച്ച ആചാര്യന്മാരെന്നിരിക്കെ, അതിൽ ചട്ടമ്പിസ്വാമികളെ ഒഴിവാക്കിയാൽ അത് പൂർണ്ണമാകില്ലെന്ന് സുഗതൻ പറഞ്ഞു. അതേസമയം, നവോത്ഥാനസമിതിയുടെ ജില്ലാതല ബഹുജനകൂട്ടായ്മകൾ സജീവമായി നടക്കുകയാണെന്ന് പുന്നല ശ്രീകുമാർ അറിയിച്ചു. ഒക്ടോബറിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ നടത്തും. ഡിസംബറിൽ കാസർകോട് മുതൽ സ്വാമിതോപ്പ് വരെ നവോത്ഥാനയാത്ര നടത്തുമെന്നും ശ്രീകുമാർ പറഞ്ഞു.