കണ്ണൂര്‍: ഹൈന്ദവ സംഘടനകളില്‍ പിളര്‍പ്പുണ്ടാക്കി പാര്‍ട്ടി ശക്തിപെടുത്താന്‍ സിപിഎമ്മിന്റെ പുതിയ നീക്കം. ഇതിന്റെ ആദ്യപടിയായാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കിടയില്‍ ശക്തമായ വേരോട്ടമുള്ള അയ്യപ്പാ സേവാ സംഘം മാതൃകയില്‍ പുതിയ അയ്യപ സംഘമുണ്ടാക്കാനുള്ള സിപിഎം തീരുമാനം.
ഇതിന്റെ തുടക്കമെന്നോണം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ബദല്‍ സംഘടന രൂപമെടുത്തു. അഖില ഭാരത അയ്യപ്പ സേവാസംഘത്തില്‍ നിന്നും മാറി ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് ഇടത്താവളമൊരുക്കിയാണ് സിപിഎം ബദല്‍ സംഘടനക്ക് തുടക്കം കുറിക്കുന്നത്. ലോകവ്യാപകമായി ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയതു പോലെ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാസംഘങ്ങള്‍ ഇതോടെ പിളര്‍പ്പിലേക്ക് കുതിക്കും. സിപിഎം ഹൈന്ദവരില്‍ സ്വാധീനമുറപ്പിക്കാനുള്ള മാര്‍ഗ്ഗമായാണ് അയ്യപ്പ സേവാസംഘത്തില്‍ പിടിമുറുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളുള്‍പ്പെടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന അഖിലഭാരത അയ്യപ്പ സേവാസംഘം ഇതോടെ പിളര്‍പ്പിലേക്ക് നീങ്ങും.
മുന്‍ സി.എംപി.നേതാവായ കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ പുതിയ അയ്യപ്പസേവാസംഘം സംസ്ഥാന വ്യാപകമാക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുവരുന്നതായാണ് സൂചന. നിലവില്‍ മുന്‍.കെപിസിസി. പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയാണ് അയ്യപ്പസേവാസംഘത്തിന്റെ ദേശീയ പ്രസിഡണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള കീഴ്ഘടകങ്ങളെ രാഷ്ട്രീയത്തിനതീതമായി കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിജയിച്ച സംഘടനക്കുള്ളിലാണ് സിപിഎം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.
ഇന്ത്യക്ക് പുറമേ മലേഷ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, കാനഡ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലും മലയാളികള്‍ക്കൊപ്പം വിദേശികളും അയ്യപ്പസേവാസംഘത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഡിവൈഎഫ്‌ഐ.യിലെ മഹാ ഭൂരിപക്ഷം യുവാക്കളും ശബരിമലയിലേക്ക് മാലയിട്ട സാഹചര്യത്തില്‍ അവരെ പിടിച്ചു നിര്‍്ത്താനുള്ള സിപിഎം ന്റെ ശ്രമമാണ് അയ്യപ്പ ഭക്തര്‍ക്കായി പാര്‍ട്ടി തലത്തില്‍ ഇടത്താവളം ഒരുക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേരിട്ട് അയ്യപ്പ ഭക്തന്മാരെ സംഘടിപ്പിക്കാന്‍ ഇറങ്ങേണ്ടതില്ലയെന്ന അഭിപ്രായവും ശ്ക്തമാണ്. സി.എംപി യില്‍നിന്നും അടുത്ത കാലത്തായി ചേക്കേറിയ അരവിന്ദാക്ഷനെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് ക്ഷതമേല്‍ക്കില്ലെന്നും പാര്‍ട്ടി കരുതുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് ദേവസ്വത്തിന്റേയും അയ്യപ്പ സേവാസംഘത്തിന്റേയും നേതൃത്വത്തില്‍ ഭക്ത ജനങ്ങള്‍ക്ക് ഇടത്താവളം ഒരുക്കിവരുന്നുണ്ട്. എന്നാല്‍ ഇത്തവണ സിപിഎം പിന്‍തുണക്കുന്ന കെ.സി.മണികണ്ഠന്‍ നായരുടെ നേതൃത്വത്തിലാണ് അയ്യപ്പ സേവാസമിതി ഇടത്താവളം ഒരുക്കിയിട്ടുള്ളത്. ഇത്തവണയും പതിവു പോലെ ദേവസ്വത്തില്‍ നിന്നും അനുമതി വാങ്ങി അയ്യപ്പ സേവാസംഘം ക്യാമ്പ് സംഘടിപ്പിക്കുന്നതിനിടെയാണ് ചേരിതിരിവ് പ്രകടമായത്. ഇതേ സ്ഥലത്ത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ചെയര്‍മാനായ ഐ.ആര്‍.പി.സി. മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. രണ്ടു ക്യാമ്പുകളും സംഘടിപ്പിക്കുന്നത് സിപിഎം അനുകൂലികളായ കെ.സി. മണികണ്ഠന്‍നായരുടെ നേതൃത്വത്തിലാണ്. പതിവായി ഇടത്താവളം ഒരുക്കുന്ന അയ്യപ്പ സേവാസംഘം കാര്യങ്ങളറിയാതെ പകച്ചു നില്‍ക്കുകയാണ്.
ദേശീയ അയ്യപ്പ സേവാസംഘത്തിലെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് കെ.ആര്‍.അരവിന്ദാക്ഷന്‍. അരവിന്ദാക്ഷന്റെ നിലവിലുള്ള ബന്ധം ഉപയോഗപ്പെടുത്തി സംസ്ഥാന തലത്തില്‍ ഒരു അയ്യപ്പസേവാസമിതി ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം എന്ന് അറിയുന്നു. നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് നടക്കുന്ന ഇടത്താവളത്തിന്റെ ഉത്ഘാടനം ഈ മാസം 12 ാം തീയ്യതി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇതേ സ്ഥലത്ത് നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി. വിട്ട് സിപിഎം ലെത്തിയ ഒ.കെ. വാസുവും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.