
ദില്ലി: ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുനട്ട് എല്ലാ മുന്നണികളും നീക്കം തുടങ്ങി .ഇതുവരെ ക്രിസ്ത്യാനികളെ കറിവേപ്പില പോലെ നോക്കിക്കണ്ടിരുന്ന കോൺഗ്രസും സിപിഎമ്മും ഇപ്പോൾ ക്രിസ്ത്യാനികളുടെ വോട്ടിലാണ് നോട്ടമിട്ടിരിക്കുന്നത് . അതിനു കാരണം ബിജെപിയുമായി ക്രിസ്ത്യാനികൾ അടുക്കുന്നു എന്ന തോന്നൽ തന്നെ . ക്രൈസ്തവ വോട്ടുകളിൽ കടന്ന് കയറാൻ ബിജെപി നടത്തുന്ന നീക്കങ്ങളെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ക്രൈസ്തവർക്ക് നേരെ വർഷങ്ങളായി ആക്രമണങ്ങൾ അഴിച്ചു വിടുന്ന ബിജെപിയാണ് ഇപ്പോൾ സഹകരണത്തിനായി ക്രിസ്ത്യൻ ദേവാലയങ്ങളിൽ എത്തുന്നത്. ബിജെപി ശ്രമം ആത്മാർത്ഥമാണോ എന്ന് സഭകൾ ചിന്തിക്കണം. ഇതിനെ മുതലെടുക്കാൻ ചില അവസരവാദികൾ ശ്രമിക്കുന്നത് ദൗർഭാഗ്യകരമെന്നും യെച്ചൂരി പറഞ്ഞു.
ഈസ്റ്ററിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തുന്നു, ക്രിസ്ത്യൻ ഭവനങ്ങളിലും സഭാ ആസ്ഥാനങ്ങളിലും ബിജെപി നേതാക്കൾ പോകുന്നു. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരിൽ നിന്ന് ബിജെപി അനുകൂല പ്രസ്താവനകൾ വരുന്നു- ഇതിനെല്ലാമെതിരെ രൂക്ഷവിമർശനവുമായി സിപിഎം പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗമെഴുതിയിരുന്നു. ബിജെപിക്ക് വഴങ്ങുന്നത് ക്രൈസ്തവരുടെ പൊതുനിലപാടല്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് യെച്ചൂരിയുടെ മറുപടി.