കണ്ണൂര്‍: സിപിഎം ബിജെപി സംഘര്‍ഷം തലശ്ശേരിയെ വീണ്ടും കുരുതിക്കളമാക്കുമോ എന്ന് ഭയത്തില്‍ നാട്ടുകാര്‍. മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചതാണ് സംഘര്‍ഷത്തിന് കാരണം. എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്താണ് സിപിഎം പ്രവര്‍ത്തകര്‍ പെയിന്റ് ഒഴിച്ചത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു.
എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചതിനാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. വാളുമായി എത്തിയ അക്രമികള്‍ രജിതയുടെ കഴുത്തിലെ രണ്ടു പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു. പ്രദേശത്ത് എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ: എംപി. ആസാദ്, എസ്ഐ: എം.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് എരഞ്ഞോളി പാലത്ത് നേരത്തെ ഇരുകക്ഷികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കൊളശ്ശേരിയില്‍ ബിജെപി നേതാവ് വി.മുരളീധരന്‍ എംപിയുടെ സഹോദര പുത്രന്‍ നവനീതിന്(22) മര്‍ദനമേറ്റു. ഇതു സംബന്ധിച്ചു കൊളശ്ശേരിയിലെ സോജിത്തിനെതിരെ പൊലീസ് കേസ് എടുത്തു.