പാർട്ടി കാലുവാരി; ചതിച്ചത് ജില്ലാ നേതൃത്വം: സിപിഎമ്മിൽ വിവാദമുയർത്തി സ്ഥാനാർഥിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ കാലുവാരിയെന്ന സൂചനയോടെയുളള കോട്ടയം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കോട്ടയം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി റെജി സഖറിയയാണ് തനിക്ക് അർഹമായ പരിഗണന പാർട്ടിയും ഇടതുപക്ഷവും നൽകിയില്ലെന്ന പരാതി ഉയർത്തിയിരിക്കുന്നത്. വോട്ടു ചെയ്തവർക്കും ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ചവർക്കും രാവ് പകലാക്കി ഒപ്പം നിന്ന ഇടതുപക്ഷത്തിന്റെ പ്രവർത്തകർക്കും പിന്തുണയ്ക്കും സ്‌നേഹത്തിനും ഈ നന്മ മരത്തിന്റെ നന്ദി പറയാൻ പറഞ്ഞു. എന്നതാണ് ഫെയസ് ബുക്കിലെ പോസ്റ്റ്. വോട്ടു ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ചവർ എന്നതിലൂടെ ലക്ഷ്യമിടുന്നത് പാർട്ടിയുടെ ജില്ലാ നേതൃത്വത്തെയാണെന്ന് വ്യക്തം.കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന് ഇടതു വോട്ടുകൾ ചോർന്ന് കിട്ടിയതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നതാണ്. ഇടത് ആഭിമുഖ്യമുളള കോട്ടയം മണ്ഡലത്തിൽ യുഡിഎഫിന് 33000 വോട്ട് ഭൂരിപക്ഷം ലഭിച്ചത് പാർട്ടി പ്രവർത്തകരുടെ സംശത്തിനിടയാക്കിയിട്ടുണ്ട്. ഇതുവരെയുളള തെരഞ്ഞെടുപ്പുകളിൽ വിജയികൾക്ക് ആയിരത്തോളം വോട്ടുകളുടെ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചിട്ടുളളത്. ഇക്കുറി അത് എങ്ങനെ മാറി മറിഞ്ഞു എന്നതാണ് ഇടത് അനുഭാവികളെ അമ്പരിപ്പിക്കുന്നത്. ഇടത് പ്രവർത്തകർക്ക് നന്ദി അറിയിക്കുന്ന സ്ഥാനാർഥി നേതൃത്വത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
സിപിഎം നേതൃത്വം പഴുതടച്ച് ആത്മാർഥതയോടെ തനിക്കായി നിന്നില്ലെന്ന പരാതിയാണ് വരികൾക്കിടയിലുളളത്. കോട്ടയം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികൾ വിജയിക്കുന്നതിനോട് ചില നേതാക്കൾക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതാണ്. തെരഞ്ഞെടുപ്പിൽ ജില്ലയിൽ സിപിഎമ്മിനേറ്റ പ്രഹരത്തിന് കാരണം നേതൃത്വത്തിന്റെ നിലപാടാണെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top