പാലക്കാട്:ചെറിയൊരു ഇടവേളക്ക് ശേഷം പാലക്കാട് സിപിഎമ്മില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നു.ജില്ലയിലെ ഒറ്റപ്പാലം ഏരിയ കമ്മറ്റിക്ക് കീഴിലെ ഷൊര്‍ണ്ണൂരിലാണ് വിണ്ടും വിഭാഗീയതയുടെ ശംഖൊലി മുഴങ്ങിരിക്കുന്നത്.അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്ന പാര്‍ട്ടി മുന്‍വിമതന്‍ എംആര്‍ മുരളിയ്‌ക്കെതിരായാണ് ഏരിയ കമ്മറ്റി രംഗത്തെത്തിയിരിക്കുന്നത്.ഷൊര്‍ണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായ എസ് കൃഷണദാസിന്റെ തോല്‍വി അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് ചേര്‍ന്ന ഏരിയ കമ്മറ്റി കമ്മീഷനെ നിശ്ചയിച്ചു.പണ്ട് മുരളിയുടെ ജനകീയ വികസന സമിതി വിജയിച്ച വാര്‍ഡിലാണ് ഏരിയ കമ്മറ്റി അംഗം കൂടിയായ കൃഷണദാസ് പരാജയപ്പെട്ടത്.
മുരളിയുടെ പഴയ അനുകൂലികള്‍ കൃഷണദാസിനെ കാലുവാരിയതാണെന്നാണ് പഴയ ഔദ്യോഗിക പക്ഷത്തെ ചിലരുടെ ആരോപണം.എന്നാല്‍ ഭൂരിഭാഗം റെയില്‍വെ ജീവനക്കാര്‍ വോട്ടര്‍മാരായുള്ള വാര്‍ഡില്‍ പലരും വോട്ട് ചെയ്യാനായി എത്താതിരുന്നതാണ് മൂന്നാമതും മത്സരിച്ച കൃഷണദാസിന്റെ തോല്‍വിക്ക് കാരണമായെതെന്നാണ് വസ്തുത.കാര്യം ഇങ്ങനെയാണെന്നിരിക്കെയാണ് ജില്ലാ കമ്മറ്റി അംഗത്തിനെതിരായി പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നത്.മേല്‍ഘടകത്തിലെ ഒരംഗം ആരോപണ വിധേയനായ പരാതിയില്‍ കീഴ്ഘടകം കമ്മീഷനെ വെയ്ക്കുന്നത് സിപിഎം ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
ഏരിയ കമ്മറ്റി അംഗങ്ങളായ സി അബ്ദുള്‍ഖാദര്‍,ബി ധരേഷ് എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.നിയമസഭ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണ്ണൂര്‍,തൃത്താല മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന പ്രധാന പേരാണ് മുരളിയുടേത്.ജില്ല കമ്മറ്റി അംഗീകാരമില്ലാതെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു കമ്മീഷനെ നിയമിച്ചതെന്നും പറയപ്പെടുന്നു.ഒരു മാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മുരളിയുടെ സ്ഥാനാര്‍തിത്വം തടയുക എന്നതാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.ഏരിയകമ്മറ്റിയില്‍ ഒരു വിഭാഗത്തിനോട് കലഹിച്ച് പുറത്ത് പോയ മുരളി എകെ ബാലന്റെ ഇടപെടല്‍ മൂലമാണ് വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.മുരളിയും കൂട്ടരും തിരികെ വന്നതില്‍ പഴയ ഔദ്യോഗിക പക്ഷത്തെ ചിലര്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്.
പിണറായി വിജയന്റെ പ്രത്യേക ഇടപെടല്‍ കഴിഞ്ഞ സമ്മേളനത്തില്‍ മുരളിയെ വീണ്ടും ജില്ല കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.വിഭാഗീയത അവസാനിച്ചു എന്ന സൂചന നല്‍കാന്‍ പിണറായിയും സംസ്ഥാന നേതാക്കളും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ ജില്ലയില്‍ പഴയ ഔദ്യോഗിക ചേരിക്കാര്‍ ഇപ്പോഴും സംസ്ഥാന കമ്മറ്റി തീരുമാനത്തോട് ഇടഞ്ഞു നില്‍ക്കുകയാണ്.