കേരളത്തിലെ അഞ്ച് എംഎൽഎമാർ ബിജെപിയിലേയ്ക്ക്; മിഷൻ 20-20 യുമായി അമിത്ഷാ കേരളത്തിൽ: ചാക്കിലാക്കുന്നത് കോൺഗ്രസ് – സിപിഎം എംഎൽഎമാരെ

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപിൻതുണയുള്ള അഞ്ച് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപിയുടെ മിഷൻ 20-20. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കേരളത്തിലെ നിലിവിലുള്ള എംഎൽഎമാരെ രാജി വയ്പ്പിൽ ബിജെപി താമര ചിഹ്നത്തിൽ നിർത്തി വിജയിപ്പിക്കുന്നതിനാണ് പദ്ധതി. ബിജെപിയ്ക്കു 25000 വോട്ടിലധികം ലഭിച്ച അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരെയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. മധ്യകേരളത്തിലും, തിരുവതാംകൂറിലും അത്യാവശ്യം സ്വാധീനമുള്ളതിനാൽ മലബാർ മേഖലയിൽ നിന്നുള്ള വോട്ട് വിഹിതം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് കൂടുതൽ ജനപിൻതുണയുള്ള എംഎൽഎമാരെ ചാക്കിലിടാൻ ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഘപരിവാർ സംഘടനകളുടെ ചടങ്ങുകളിലേയ്ക്കു രാഷ്ട്രീയ വ്യത്യാസമില്ലാതെ എംഎൽഎമാരെ ക്ഷണിക്കാൻ ധാരണയായിട്ടുണ്ട്. ആർഎസ്എസിന്റെ ഗുരുപൂജ, ശ്രീകൃഷ്ണജയന്തി, ഗുരുജയന്തി, രക്ഷാബന്ധൻ തുടങ്ങിയ ചടങ്ങുകളിലേയ്ക്കു എംഎൽഎമാരെ ക്ഷണിക്കുന്നതിനാണ് പദ്ധതി. ഇത്തരത്തിലുള്ള ചടങ്ങുകളിലേയ്ക്കു എത്തുന്ന എംഎൽഎമാരുമായി ഉന്നത ആർഎസ്എസ് നേതാക്കൾ തന്നെ ചർച്ച നടത്തും. ഈ ചർച്ചയിലൂടെയാവും കാര്യങ്ങൾ തീരുമാനിക്കുക. വിഎച്ച്പിയും, ഹിന്ദുഐക്യവേദിയും ഇത്തരത്തിൽ നടത്തുന്ന ചടങ്ങുകളിലേയ്ക്കു സംഘപരിവാർ സംഘടനകളുടെ സ്വാധീനത്തോടെ എംഎൽഎമാരെ പങ്കെടുപ്പിക്കുന്നതിനും നിര്‌ദേശം നൽകിയിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അമിത്ഷാ നടപ്പാക്കി വിജയിച്ച തന്ത്രമാണ് കേരളത്തിലും പരീക്ഷിക്കാൻ ഒരുങ്ങുന്നത്. സംഘപരിവാറിനു പക്ഷേ, കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജനസ്വാധീനമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതുകൊണ്ടു തന്നെ ആർഎസ്എസ് അടക്കമുള്ള പരിവാർ സംഘടനകൾക്കു ഇത്തരത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ സാധിക്കുമോ എന്നു കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇടക്കാലത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുമായി ബിജെപി നേതൃത്വം നടത്തിയ ചർച്ച മാധ്യമങ്ങളിലൂടെ പുറത്തായതിനെ തുടർന്നു പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇനിയുള്ള നീക്കങ്ങൾ പൂർണമായും രഹസ്യമായി വേണമെന്ന നിർദേശമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top