കണ്ണൂര്‍: കോണ്‍ഗ്രസും ബിജെപിയും സയാമീസ് ഇരട്ടകളാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കണ്ണൂരിലെ കോൺഗ്രസിനെ നയിക്കുമ്പോൾ കെ. സുധാകരൻ – വത്സൻ തില്ലങ്കേരി സയാമീസ് ഇരട്ടകളെയാണ് അന്ന് കണ്ടതെങ്കിൽ, ഇനിമുതൽ കെ. സുധാകരൻ – കെ. സുരേന്ദ്രൻ സയാമീസ് ഇരട്ടകളെയാണ് നാം കാണേണ്ടി വരികയെന്ന് ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
എംവി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
കണ്ണൂരിലെ കോൺഗ്രസിനെ നയിക്കുമ്പോൾ കെ. സുധാകരൻ – വത്സൻ തില്ലങ്കേരി സയാമീസ് ഇരട്ടകളെയാണ് അന്ന് കണ്ടതെങ്കിൽ, എനിമുതൽ കെ. സുധാകരൻ – കെ. സുരേന്ദ്രൻ സയാമീസ് ഇരട്ടകളെയാണ് നാം കാണേണ്ടി വരിക. അതിനുള്ള രാഷ്ട്രീയ പരിസരം നിയമസഭാ തെരഞ്ഞെടുപ്പിൽ 95 മണ്ഡലങ്ങളിലും ഉണ്ടായിരുന്നു.
തനിക്ക് തോന്നിയാൽ ബി.ജെ.പി യിൽ ചേരുമെന്ന് ” പരസ്യമായി പറഞ്ഞയാളെ കെ.പി.സി.സി അധ്യക്ഷനാക്കിയതോടെ ബി.ജെ.പി യിൽ പോകാതെ തന്നെ കോൺഗ്രസ് – ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കി താൻ ആഗ്രഹിക്കുന്ന മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ശ്രീ.കെ. സുധാകരൻ ലക്ഷ്യമിടുന്നത്. അതാണ് ബി.ജെ.പി യല്ല മുഖ്യ ശത്രു എന്ന പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. ഹൈക്കമാന്റാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നോമിനേറ്റ് ചെയ്തത്. അതുകൊണ്ടുതന്നെ കേരളത്തിൽ പുതുതായി രൂപപ്പെടാൻ പോകുന്ന കോൺഗ്രസ് – ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് അഭിപ്രായം പറയേണ്ടവർ ഹൈക്കമാന്റ് തന്നെയാണ്.
മൃദുഹിന്ദുത്വ നിലപാടിലൂടെ പല കോൺഗ്രസ് നേതാക്കളെയും MP, MLA മാരെയും ബി.ജെ.പി യിലേക്കെത്തിച്ച ദേശീയ നേതൃത്വമിപ്പോൾ രാഷ്ട്രീയ വികലാംഗത്വത്തിലാണ്. അവർക്ക് ഉറച്ച വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ കഴിയുമോ? ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കാനാകുമോ? സയാമീസ് ഇരട്ടകളെ സൃഷ്ടിക്കുന്ന നയം തിരുത്താനാകുമോ?