പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന സിയാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സിപിഎം നേതാവും അയ്യനാട് സഹകരണബാങ്കിലെ ബോര്‍ഡംഗവുമായ സിയാദിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിരുന്നു. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് ആരോപണം. തന്റെ ആത്മഹത്യക്ക് കാരണം സിപിഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് സിയാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരന്‍ തൃക്കാക്കര പൊലീസിന് കൈമാറി.കളമശേരി സിപിഎം ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. ലോക്കല്‍ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ എ ജയചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി കെപി നിസാര്‍ എന്നിവരാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്ന മറ്റ് രണ്ടുപേര്‍. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
പ്രളയഫണ്ടുമായി ബന്ധപ്പെട്ട് സഹകരണസമിതിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ തന്നെ ഇത് ചര്‍ച്ചചെയ്യണമെന്ന് സിയാദ് ആവശ്യമുന്നയിക്കുകയും അതില്‍ എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നാതായും ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് സിയാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അതേസമയം ആത്മഹത്യാകുറിപ്പിലെ കൈയക്ഷരം പരിശോധിക്കണമെന്ന് പൊലിസ് പറഞ്ഞു.
പ്രളയഫണ്ട് തട്ടിപ്പില്‍ സിയാദിന് ഒരു പങ്കുമില്ലെന്നത് നേരത്തെ വ്യക്തമായിരുന്നു. ചര്‍ച്ച ചെയ്യണമെന്നത് ആവശ്യപ്പെട്ടതാണ് സിയാദ് പാര്‍ട്ടി നേതത്വത്തിന്റെ അപ്രീതിക്ക് പാത്രമായതെന്നാണ് ഒരു വിഭാഗം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. നേരത്തെയും പാര്‍ട്ടിയില്‍ സക്കീര്‍ ഹുസൈനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.